കുമരകം : ലോക സമാധാനത്തിന് മതത്തിന്റെ പേരിലുള്ള കലഹങ്ങൾ അരുതെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സർവ്വമതങ്ങളുടേയും സാരാംശം ഒന്നു തന്നെയെന്ന് പഠിപ്പിക്കുന്നതിനാണ് ശ്രീനാരായണ ഗുരുദേവന്റെ കല്പന പ്രകാരം ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരിപ്പുകാല ശ്രീനാരായണ കൺവെൻഷനും ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ വിരിപ്പുകാല ശ്രീനാരായണ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മവിദ്യാലയത്തിന്റെ പ്രസക്തിയെക്കുറിച്ച് സതീശൻ അത്തിക്കാട് പ്രഭാഷണം നടത്തി. അഡ്വ.വി.പി.അശോകൻ, പി.കമലാസനൻ, അമയന്നൂർ ഗോപി, ഷിബു മൂലേടം, ശശിധരൻ എട്ടേക്കർ, എം.എ. ബാലകൃഷ്ണൻ, അശോകൻ കരീമഠം, സി.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.