sulekha

വൈക്കം . ഉള്ളിൽ മോഹം വിരിഞ്ഞു. പിന്നെ പ്രായമൊന്നും നോക്കിയില്ല. നൃത്ത ചുവടുകൾ വച്ചു. ഇന്ന് അതിന്റെ സഫലീകരണമാണ്. കേരള ഹൈക്കോടതിയിൽ നിന്ന് ഡെപ്യൂട്ടിയായി വിരമിച്ച 64 കാരിയായ സുലേഖയാണ് ഇത് പറയുന്നത്. പ്രായം ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും തടസ്സമല്ലെന്ന് തെളിയിക്കുന്ന നിരവധി ജീവിതങ്ങൾ നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. നൃത്തം എന്നത് പ്രകൃതിയുടെ ലാസ്യഭാവമാണ്. അതിൽ മുഴുകുമ്പോൾ ദൈവികതയോട് ചേർന്നു നിൽക്കുകയാണ്. എപ്പോഴും ആർക്കും സാദ്ധ്യമായ ദൈവികതയിലേക്കുള്ള പ്രയാണത്തിന്റെ പ്രായോഗിക സാക്ഷ്യമാവുകയാണ് സുലേഖ. വൈക്കത്തഷ്ടമിയുടെ കലാവേദിയിൽ ഇന്ന് രാത്രി ഒൻപതിന് നൃത്ത അരങ്ങേറ്റം കുറിക്കുമ്പോൾ സുലേഖയ്ക്ക് ഇരട്ടി ആവേശമാണ്. ഒരു കൗതുകത്തിനാണ് നൃത്താദ്ധ്യാപികയായ ഗ്രേസി ശെൽവരാജിന്റെ ശിക്ഷണത്തിൽ പഠനം തുടങ്ങിയത്. നൃത്തത്തോടുള്ള അഭിനിവേശവും ഓഷോയുടെ ധ്യാനപരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത് സഹജനൃത്തം ചെയ്ത അനുഭവസമ്പത്തുമാണ് സുലേഖയെ ഇതിലേക്ക് നയിച്ചത്. സ്വാതന്ത്ര്യസമര സേനാനികളും കമ്മ്യൂണിസ്റ്റ് പോരാളികളുമായിരുന്ന കൂത്താട്ടുകുളം മേരിയുടെയും സി എസ് ജോർജിന്റെയും നാലുമക്കളിൽ ഇളയവളാണ് സുലേഖ. മുൻ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈലയും കേരള ഹൈക്കോടതി റിട്ടയർ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഗിരിജയും ടെക്സ്റ്റൈൽസ് കോർപ്പറേഷൻ മുൻ എം ഡി എ വി രാജന്റെ ഭാര്യ ഐഷയും സഹോദരിമാരാണ്. മലയാളത്തിലും ഇംഗ്ലീഷിലും കഥയും നോവലും എഴുതുന്ന സുലേഖയുടെ ബ്രസ്റ്റ് മിൽക്ക് എന്ന പേരിൽ ഒരു ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ചിത്രകാരനും എഴുത്തുകാരനുമായ സ്വാമി ശൂന്യം ആണ് ഭർത്താവ്. ഏക മകൻ അനന്ത് സിംഗപ്പൂരിൽ സോഫ്ട് വെയർ രംഗത്ത് പ്രവർത്തിക്കുന്നു. മരുമകൾ നീതു ഡോട്ട് ആർട്ടിസ്റ്റാണ്.