കോട്ടയവും ഫുട്ബാൾ ലോകകപ്പ് ആവേശത്തിൽ

കോട്ടയം : കേരളത്തി​ന്റെ പകുതിപോലും വിസ്തീർണമില്ല ഖത്തറിന്. ഇത്രയും ചെറിയൊരു രാജ്യത്ത് ഇതിന് മുൻപ് ലോകകപ്പ് നടന്നിട്ടുമില്ല. എന്നാൽ ആ കുഞ്ഞൻ രാജ്യത്തിൽ അലയടിച്ചുയരുന്ന ആവേശം നെഞ്ചിലേറ്റുകയാണ് കേരളത്തിലെ ആരാധകവൃന്ദം. ഖത്തറിലെ പുൽമൈതാനങ്ങളിൽ പന്തുരുളും മുമ്പേ കേരളത്തിലെ മൈതാനങ്ങളിലും പാതയോരങ്ങളിലും സൂപ്പർ താരങ്ങൾ ഇടംപിടിച്ചുകഴിഞ്ഞു. പള്ളാവൂരിലെ വൈറൽ കട്ടൗട്ടുകൾ ഫിഫയുടെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതുകണ്ട് കോട്ടയത്തിന് എങ്ങനെ വെറുതെയിരിക്കാൻ കഴിയും. കാൽപന്തുകളിയുടെ കേളികൊട്ട് കോട്ടയത്തും ഉയർന്നുതുടങ്ങുകയായി.

പുല്ലരിക്കുന്നിലെ സൂപ്പർ​സ്റ്റാർസ്

പുല്ലരിക്കുന്നിലെ ആരാധകർ ഒറ്റക്കെട്ടാണ്. മെസിയുടെ ചുവർചിത്രം വരയ്ക്കുന്നതും ടീമുകൾക്ക് ആശംസകൾ നേർന്ന് ഫ്ലക്സ് ഉയർത്തുന്നതും എല്ലാവരും ചേർന്നാണ്. അവിടെ ഫാൻ ഫൈറ്റുകൾക്ക് സ്ഥാനമില്ല. പുല്ലരിക്കുന്നിലെ റോഡി​ന്റെ ഇരുവശത്തുമായി അർജ​ന്റീന, ബ്രസീൽ, ജർമനി, സ്പെയിൻ ടീമുകളുടെ ഫ്ലക്സുകൾ ഉയർന്നുകഴിഞ്ഞു. സ്പാനിഷ് യുവതാരം പെഡ്രിയുടെ ഒറ്റയാൾ ഫ്ലക്സുമുണ്ട്. വരുംദിനങ്ങളിൽ റൊണാൾഡോയും ഫ്രഞ്ച് പടയുമൊക്കെ എത്തിയേക്കും. പ്രായഭേ​മെന്യേ, ടീം ഫൈറ്റ് ഇല്ലാതെ കുട്ടികളടക്കം ഇതിനായി മുന്നിട്ടിറങ്ങുന്നുണ്ട്. പ്രദേശവാസിയായ ജയക്കുട്ടനാണ് ചുമരുകളിൽ ചിത്രം വരയ്ക്കുന്നത്. അർജ​ന്റീനയ്ക്കായി ആദ്യം വരച്ചത് ഇതിഹാസതാരമായിരുന്ന ഡീ​ഗോ മറഡോണയുടെ ചിത്രമാണ്. പിന്നാലെ, പത്താം നമ്പർ ജേഴ്സിയിൽ പുറംതിരിഞ്ഞു നിൽക്കുന്ന മെസിയുടെ ചിത്രവും തെളിഞ്ഞു. പുല്ലരിക്കുന്നിലെ ദൃശ്യ ബോയ്സ് ക്ലബും പാർട്ടി പ്രവർത്തകരും നാട്ടുകാരുമെല്ലാം ഒറ്റ മനസോടെ ലോകകപ്പിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇല്ലിക്കൽ കവലയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നിരുന്നു. ഖത്തറിൽ പന്തുരുളാൻ ഒരാഴ്ച ശേഷിക്കെ കോട്ടയം ന​ഗരത്തിലെ കായികപ്രേമികൾ കളിയാരവത്തിനായി കച്ചക്കെട്ടി ഒരുങ്ങിക്കഴിഞ്ഞു.