
കോട്ടയം . ദക്ഷിണ റെയിൽവെ ശബരിമല തീർത്ഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പിൽഗ്രിം സെന്ററിന്റെ സമർപ്പണം ഇന്ന് വൈകിട്ട് മൂന്നിന് കേന്ദ്രമന്ത്രി വി മുരളീധരൻനിർവഹിക്കും. തോമസ് ചാഴികാടൻ എം പി, ജോസ് കെ. മാണി എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ്, തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ജെറിൻ ആനന്ദ് തുടങ്ങിയവർ പങ്കെടുക്കും. ശബരിമല തീർത്ഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന സ്‌റ്റേഷനാണ് കോട്ടയം. പക്ഷെ പലപ്പോഴും വിശ്രമിക്കാൻ പോലും സ്ഥലമില്ലായിരുന്നു. മൂന്ന് നിലകളിലായി റെയിൽവേ സ്റ്റേഷൻ വളപ്പിൽ പഴയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നാണ് സെന്റർ സ്ഥിതി ചെയ്യുന്നത്.
250 തീർത്ഥാടകർക്ക് വിശ്രമിക്കാം.
അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരേ സമയം 250 തീർത്ഥാടകർക്ക് വിശ്രമിക്കാം. 40 ടോയ്‌ലെറ്റുകളും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും മൂന്നാം നിലയിലുമാണ് ടോയ്‌ലെറ്റ് സൗകര്യം. തീർത്ഥാടകർക്കായി കെ എസ് ആർ ടി സി ബസുകൾ സ്‌റ്റേഷന്റെ മുൻവശത്തെ കവാടം വഴി അകത്തേയ്ക്കും പുറത്തേയ്ക്കും ക്രമീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ആർ പി എഫുകാരെ നിയോഗിക്കും.
പ്രത്യേക ട്രെയിൻ സർവീസുകളും.
ശബരിമല തീർത്ഥാടകർക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകളും കോട്ടയം കേന്ദ്രീകരിച്ച് നടത്തും. നിലവിൽ കോട്ടയത്തും ചെങ്ങന്നൂരും ട്രെയിനുകൾ നിറുത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രത്യേക ട്രെയിനുകൾ കൊല്ലത്തായിരുന്നു സർവീസ് അവസാനിപ്പിച്ചിരുന്നത്. ഇരട്ടപ്പാത നിർമ്മാണം പൂർത്തിയായതോടെ ഇത് കോട്ടയത്ത് അവസാനിപ്പിക്കുമെന്നാണ് സൂചന. സ്‌പെഷ്യൽ ട്രെയിനുകളിലെത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും കോട്ടയത്ത് ഇറങ്ങുന്നവരാണ്.