മുക്കൂട്ടുതറ: കോട്ടയം,​ പത്തനംതിട്ട ജില്ലകൾ അതിരിടുന്ന മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ആശുപത്രി യാഥാർത്ഥ്യമായാൽ ആയിരത്തിലേറെ പേർക്കാണ് പ്രയോജനമാവുക.

എലിവാലിക്കര,​ മുട്ടപ്പള്ളി,​ പാണപിലാവ്, ​മുക്കൂട്ടുതറ,​ എരുത്തുവാപ്പുഴ,​ കണമല,​ മൂക്കൻപെട്ടി,​ കാളകെട്ടി,​എയിഞ്ചൽ വാലി,​ കിസുമം,​ മൂലക്കയം,​ തുലാപ്പള്ളി,​ നാറാണംതോട്,​ വട്ടപ്പാറ,​ പാറക്കടവ് ,​ഉമ്മിക്കുപ്പ,​ അറിയാഞ്ഞിലിമണ്ണ്,​ പതിനാറേക്കർ,​ അറുവച്ചാംകുഴി,​ പനയ്ക്കവയൽ,​ കൊല്ലമുള,​ എഴുപതേക്കർ,​ ഒൻപതാംകോളനി,​ പത്താംകോളനി,​ സന്തോഷ് കവല,​ ചാത്തൻതറ,​ ഇടത്തിക്കാവ്,​ കുറുമ്പൻമൂഴി,​ വെൺകുറുഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കെല്ലാം പ്രയോജനകരമാണ്. എരുമേലിയിൽ നിന്നുള്ള ശബരിമലപാതയും മുക്കൂട്ടുതറ വഴിയാണ് കടന്നുപോകുന്നത്. സാധാരണക്കാരാണ് പ്രദേശവാസികളിലേറെയും. റബ‌ർ,​ കപ്പ കർഷകരും തൊഴിലാളികളും റബറിന്റെ വിലയിടിവും വന്യമൃഗങ്ങളുടെ ശല്യവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇവിടെയുള്ളവരെ വല്ലാത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് കുടുംബ ബഡ്ജറ്റ് കൂടുതൽ താളംതെറ്റിക്കുന്നു. ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഉൾപ്പെടെ പ്രയോജനകരമാകുന്ന സർക്കാർ ആശുപത്രി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണം.

(കെ.കെ. രാമകൃഷ്ണൻ, കേരളകൗമുദി മുക്കൂട്ടുതറ ഏജന്റ് )