complex

കോട്ടയം . ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ജില്ലാ രജിസ്‌ട്രേഷൻ കോംപ്ലക്‌സ് പ്രവർത്തനം തുടങ്ങിയില്ല. നാലുകോടിയിലേറെ രൂപ ചെലവഴിച്ച് നാല് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. 2022 മേയ് 25 ന് മന്ത്രി വാസവനാണ് ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടം മോടിപിടിപ്പിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അ​ഗ്നിര​ക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നില്ല. ആധുനിക രീതിയിലുള്ള റെക്കോർഡ് റൂമില്ലാത്തതിനാൽ നഗരസഭയിൽ നിന്ന് കെട്ടിട നമ്പർ ലഭിച്ചില്ല. നിലവിൽ ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കളക്ടറേറ്റ് മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസ് വാടക കെട്ടിടത്തിലും. പുതിയ കെട്ടിടം നിർമ്മിച്ച് ജില്ലാ രജിസ്ട്രാർ ജനറൽ, ഓഡിറ്റ്, അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസ്, ചിട്ടി ഇൻസ്പെക്ടർ, ഓഡിറ്റർ, ബൈന്ധിങ് യൂണിറ്റ് എന്നീ സ്ഥാപനങ്ങൾ ഒറ്റക്കുടക്കീഴിലാക്കാനായിരുന്നു പദ്ധതി. സർക്കാർ ഇടപെടലിലൂടെ കെട്ടിട നമ്പർ നേടാണ് ഇപ്പോൾ അധികൃതരുടെ ശ്രമം.

'നമ്പരിട്ട്' നഗരസഭ.

സ്വാകര്യ വ്യക്തികളുടെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകാൻ യാതൊരു വൈമുഖ്യവും കാട്ടാത്ത നഗരസഭ സർക്കാർ കെട്ടിടത്തിന്റെ കാര്യത്തിൽ നിയമം മുറുകെ പിടിക്കുകയാണ്. ലിഫ്റ്റില്ലാത്ത ബഹുനില മന്ദിരങ്ങൾക്കും ഫയർഫോഴ്സിന്റെയടക്കം മാനദണ്ഡങ്ങൾ പാലിക്കാതെ നി‌ർമ്മിച്ച കെട്ടിടങ്ങൾക്കും നമ്പർ കിട്ടാൻ പ്രയാസമില്ലെന്നിരിക്കെയാണ് രജിസ്ട്രേഷൻ കോംപ്ളക്സിന്റെ കാര്യത്തിൽ തീരുമാനമാകാത്തത്.

നിർമ്മാണ ചെലവ് . 4.45 കോടി .