aanaa

മു​ണ്ട​ക്ക​യം . ആദ്യം പുലി. ഇപ്പോൾ കാട്ടാന. ടി ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ വ​ന്യ​മൃ​ഗശ​ല്യം വ​ർ​ദ്ധി​ക്കുമ്പോൾ ജനം പുറത്തിറങ്ങാനാകാതെ

ഭീതിയിലാണ്. ഇന്നലെ പുലർച്ചെ എസ്റ്റേറ്റിലെ ഇ ഡി കെ ഡിവിഷനിലാണ് 14 ഓളം ആനകൾ കൂട്ടമായി എത്തിയത്. ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിഫലമായി. പടക്കം പൊട്ടിച്ചും ബഹളംവച്ചും നാട്ടുകാർ കൂടിയെങ്കിലും കാട്ടാന പിന്മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം നടത്തുകയാണ്. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ത്തി​ന് 10 മീറ്റർ അകലെയാണ് ആനക്കൂട്ടം. ഇതോടെ തൊഴിലാളികൾ വീട് വിട്ട് റോഡിലാണ് കൂട്ടമായി കഴിയുന്നത്. ഇ​തി​നി​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന ഉ​പ​ദേ​ശ​വു​മാ​യി വൈ​ൽ​ഡ് ലൈ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സംഘടിപ്പിക്കുകയാണ്.

കൃഷിയും നശിപ്പിക്കുന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ത​മ്പ ഭാ​ഗ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ സമരവുമായി ഇറങ്ങിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയ മഹാസഭയുടെ പ്രക്ഷോഭവും തുടരുകയാണ്.

4 വർഷമായി സ്ഥിരം ശല്യം.

കാട്ടാനക്കൂട്ടം വനാതിർത്തി മേഖലയിൽ വിഹരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. 2019 ഡിസംബറിൽ ശബരിമല വനത്തിന്റെ ഭാഗമായ കൊമ്പുകുത്തിയിലും പിന്നീട് പനക്കച്ചിറ വനം ഭാഗം, കടമാൻകുളം, മതമ്പ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ത​ന്നെ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങും. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

എസ്റ്റേറ്റിലെ സുനിൽ സുരേന്ദ്രൻ പറയുന്നു.

തോട്ടങ്ങളിൽ വെളുപ്പിനെ ടാപ്പിംഗിന് പോലും പറ്റുന്നില്ല. ജനവാസമേഖലയിലേക്ക് ആനകൾ കടന്നുവരുന്ന വനാതിർത്തികളിൽ കിടങ്ങുകൾ സ്ഥാപിക്കണം.

ഐക്യ മലയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് പറയുന്നു.

വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയാൽ കാർഷിക സംസ്കാരത്തിന്റെ സർവനാശമാണ് സംഭവിക്കുക. അധികാരികൾ കണ്ണ് തുറന്ന് ജനങ്ങളുടെ ജീവനു സ്വത്തിനും ഉറപ്പു നൽകുന്നതുവരെ സമരം തുടരും.