കടനാട്: പുറമ്പോക്ക് ഭൂമി ഒരു പാർട്ടിയുടെ നേതാവ് കൈയേറിയതുമായി ബന്ധപ്പെട്ട് കടനാട് ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയിൽ ഭിന്നത രൂക്ഷം ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവാണ് എട്ടാം വാർഡിൽ പുറമ്പോക്ക് ഭൂമി കൈയേറിയതെന്നാണ് ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ ഇടതുമുന്നണിയുടെ നേതാവ് തന്നെ ഭൂമി കൈയേറിയത് വലിയ വിവാദമായി മാറി. ഇതേതുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി മുമ്പ് കുറെ ഭൂമി ഒഴിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. എട്ടാം വാർഡായ കൊടുമ്പിടിയിൽ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ട് എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കോടതി വ്യവഹാരങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് അംഗമായ എട്ടാം വാർഡ് മെമ്പർ ജെയ്‌സി സണ്ണി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും പ്രതിപക്ഷത്തെ കോൺഗ്രസ് മെമ്പർമാരും കൈയേറ്റത്തെ അനുകൂലിക്കുന്നില്ല.

എന്നാൽ ഭരണപക്ഷത്തെ രണ്ട് മെമ്പർമാർ കൈയേറ്റത്തിന് അനുകൂലമായ നിലാപാടാണ് സ്വീകരിക്കുന്നത് എന്നാണ് ആരോപണം. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് കമ്മറ്റിയിലും ഭിന്നത പ്രകടമായി. 2023 ജൂൺ 30 ന് നിലവിലെ സി.പി.എം. പ്രതിനിധിയായ പ്രസിഡന്റ് ഉഷാ രാജു രാജിവയ്ക്കുകയും മാണി ഗ്രൂപ്പിലെ ജിജി തമ്പി പ്രസിഡന്റാകുകയും ചെയ്യമം. എന്നാൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജിജി തമ്പിയെ ഒരു കാരണവശാലും ചെയർമാൻ ആക്കില്ലെന്ന് ഭരണപക്ഷത്തെ പ്രമുഖ അംഗം പഞ്ചായത്ത് കമ്മറ്റിയിൽ തുറന്നടിച്ചു. ഫണ്ട് വീതം വയ്ക്കുന്നത് സംബന്ധിച്ചും പഞ്ചായത്ത് സമിതിയിൽ ഭരണപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് നിലനിൽക്കുന്നത്.