paddy

കോട്ടയം. രാസവള വിലവർദ്ധനയിലും കൂലി വർദ്ധനയിലും നട്ടം തിരിയുന്ന കർഷകർക്ക് നെല്ലിന് കിലോയ്ക്ക് വർദ്ധിപ്പിച്ചു നൽകിയത് 20 പൈസ !. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്ന് വർഷത്തിനിടെ വർദ്ധിപ്പിച്ച 2.43 രൂപ ലഭിക്കേണ്ട സ്ഥാനത്താണ് ഈ പിച്ചക്കാശ് നൽകുന്നത്.

നിലവിൽ 28 രൂപ ആയിരുന്നത് 28.20 രൂപയാക്കുകയാണ് സർക്കാർ ചെയ്തത്. വർദ്ധനവ് പരിഗണിക്കുമ്പോൾ 30.63 രൂപ കിട്ടണം. കൈകാര്യച്ചെലവെന്ന പേരിൽ നെല്ലെടുക്കുന്ന ഏജന്റുമാർ ഒരു കിലോനെല്ലിന് നൽകിയിരുന്ന 12 പൈസ ഈ സീസൺ മുതൽ സപ്ലൈകോ ആണു നൽകുന്നത്. അതും കൂടി ചേർക്കുമ്പോൾ നെല്ലിന് ആകെ ലഭിക്കുന്ന തുക കിലോയ്ക്ക് 28.32 രൂപ മാത്രവും. 2020ൽ നെല്ലിന്റെ വില കിലോയ്ക്ക് 28 രൂപയായിരുന്നു. മൂന്ന് വർഷത്തിനിടെ കേന്ദ്രസർക്കാർ 1.71 രൂപ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ രണ്ട് തവണയായി 72 പൈസ കൂട്ടിയെന്ന് പറഞ്ഞെങ്കിലും നൽകാൻ ഉത്തരവിറക്കിയില്ല. സംസ്ഥാനം നൽകി വന്ന സബ്‌സിഡി നിറുത്തലാക്കുകയും ചെയ്തു. 2006ലെ നെല്ല് സംഭരണ കരാറിൽ ക്വിന്റലിന് 25 രൂപ കൈകാര്യ ചെലവ് നിശ്ചയിച്ചപ്പോൾ 12രൂപ കർഷകന് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ കൈകാര്യ ചെലവ് 250 രൂപയാണ്. പക്ഷേ, കർഷകന് നൽകുന്നത് പഴയ 12 രൂപ മാത്രം.

ചെലവ് ഇരട്ടിയായി.

പുരുഷൻമാർക്ക് 900ൽ നിന്ന് 1050 രൂപ.

സ്ത്രീകൾക്ക് കൂലി 500ൽ നിന്ന് 650 രൂപ.

വളം വിലയിൽ 50 ശതമാനം വർദ്ധനവ്.

യന്ത്രങ്ങളുടെ വാടകയും കാര്യമായി കൂടി.

ആവശ്യങ്ങൾ.

കൈകാര്യ ചെലവ് 12ൽ നിന്ന് 200 രൂപയാക്കണം.

സൗജന്യ വിത്ത് ഏക്കറിന് 60 കിലോ ആക്കണം.

വിത്ത്, വളം, കീടനാശിനി സബ്‌സിഡി കൃത്യമാക്കണം.

എം.കെ.ദിലീപ് (അപ്പർ കുട്ടനാട് കാർഷിക വികസന സമിതി) പറയുന്നു.

വില സംബന്ധിച്ച പരാതി മന്ത്രിക്ക് നൽകിയിട്ടും ഫലമുണ്ടായില്ല. ഇൻഷുറൻസ് തുക ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും ലഭിച്ചില്ല. കൃഷി നാശത്തിന്റെ നഷ്ടപരിഹാരത്തുകയും കെട്ടിക്കിടക്കുകയാണ്.