
കോട്ടയം. മാങ്ങാനംകുടിയിലുള്ള വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതാവുന്നത് പതിവാകുമ്പോഴും ആവശ്യമായ സുരക്ഷയോ തടയാനുള്ള മാർഗങ്ങളോ ഒരുക്കാതെ അധികൃതർ. വനിത ശിശു വികസന വകുപ്പിന് കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ ഷെൽട്ടർ ഹോം പ്രവർത്തിക്കുന്നത്. പോക്സോ കേസ് അതിജീവിതകളുൾപ്പെടെയുള്ള കുട്ടികളെയാണ് ഇവിടെ പാർപ്പിക്കുന്നത്. നിലവിൽ 14 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. അതിൽ ഒമ്പത് പേരെയാണ് ഇന്നലെ പുലർച്ചെ കാണാതായത്. ഏഴു കുട്ടികൾ അടുത്തിടെ എത്തിയവരാണെന്ന് ജീവനക്കാർ പറയുന്നു.
കടുത്ത മാനസിക സമ്മർദ്ദം.
ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്ന കുട്ടികളെ കൃത്യമായ കൗൺസലിംഗ് ഇല്ലാതെയാണ് സുരക്ഷാ കേന്ദ്രങ്ങളിൽ മാസങ്ങളോളം പാർപ്പിക്കുന്നത്. പതിനാലും പതിനഞ്ചും വയസുള്ള കുട്ടികൾ നാലു ചുവരുകൾക്കുള്ളിൽ അടച്ചിടപ്പെടുമ്പോൾ കടുത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതിനുകാരണവും ഇതാണ്. ഇവർക്ക് കൗൺസിലിംഗോ വിനോദത്തിനുള്ള സൗകര്യങ്ങളോ ഒരുക്കുന്നില്ല. ജില്ലയിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിനും ചൈൽഡ് ലൈനും ഓരോ കൗൺസലർമാർ വീതമേ ഉള്ളൂ.
സുരക്ഷാ കേന്ദ്രമാണെങ്കിലും കൃത്യമായ സുരക്ഷ സംവിധാനമില്ലാതെയാണ് ഷെൽട്ടർ ഹോം പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പെടെ പറയുന്നു. ചുറ്റുമുള്ള മതിലിന് മുകളിൽ മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഭിത്തിയ്ക്കു പകരമുള്ള ഗ്ലാസ് തള്ളിമാറ്റി പുറത്തെത്തി മുൻ ഗേറ്റ് ചാടിക്കടന്നാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. കാവലിനാളില്ലായിരുന്നു. ഒരു വർഷത്തിനിടെ സമാനമായ ഏഴോളം കേസുകളുണ്ടായി. രക്ഷപ്പെടുന്ന കുട്ടികളെ ബന്ധുവീട്ടിൽ നിന്നുമാണ് കണ്ടെത്താറുള്ളത്. ഇന്നലെയും അങ്ങനെ തന്നെ.
വാടക കെട്ടിടം.
പെൺകുട്ടികളെ താത്കാലികമായി പാർപ്പിക്കുന്ന ഇടമാണിത്. മാസം 40,000 രൂപ വാടകയ്ക്കാണ് പ്രവർത്തനം. ജീവനക്കാരായി ഏഴു പേരാണ് ഉള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഷെൽട്ടർ ഹോമിൽ നിന്ന് ബഹളം കേട്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിലേക്ക് മടങ്ങണമെന്നതായിരുന്നു കുട്ടികളുടെ ആവശ്യം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.
ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. സുരക്ഷിതമായ കെട്ടിടം ആവശ്യമാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടണം. 5 മാസമായി സർക്കാരിൽ നിന്നുള്ള ഫണ്ട് മുടങ്ങിയിരിക്കുന്നു. ഒരു സ്ഥിരം സംവിധാനത്തിലേക്ക് വന്നില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.