
എരുമേലി. എരുമേലി ശരണംവിളികളിലേക്കുണരാൻ മണിക്കൂറുകൾ ബാക്കി. വൃശ്ചികം പിറക്കുന്നതോടെ കറുപ്പുടുത്ത് നഗ്നപാദരായി ശരണംവിളിച്ചെത്തുന്ന അയ്യപ്പഭക്തരെക്കൊണ്ട് എരുമേലി നിറയും. നാല് വർഷമായി വിവിധ പ്രശ്നങ്ങൾ മൂലം തീർത്ഥാടനകാലം ശോകമൂകമായിരുന്നു. മുല്ലപ്പെരിയാർ പ്രശ്നവും നിപ്പയും കൊവിഡും പ്രളയത്തിന്റെ ആഘാതങ്ങളും യുവതീപ്രവേശന വിവാദങ്ങളുമൊക്കെ തീർത്ഥാടനകാലത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതൊന്നുമില്ലാതെ ഒരു തീർത്ഥാടനകാലം എത്തുന്നതിന്റെ ആഹ്ലാദമുണ്ട് നാടിന്. നിയന്ത്രണങ്ങളും വിലക്കുകളുമില്ലാതെ ദർശനം നടത്താമെന്ന സന്തോഷത്തിലാണ് ഭക്തർ. നിലച്ചു പോയ സീസൺ കച്ചവടം തിരിച്ചെത്തുന്നതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഇത്തവണ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ക്രമീകരണങ്ങൾ. ലേലം പിടിച്ച സ്ഥലങ്ങളിൽ കടകൾ നിർമിക്കുന്ന തിരക്കാണിപ്പോൾ. പൊലീസ്, റവന്യു, ഹെൽത്ത്, റോഡ് സേഫ് സോൺ, എക്സൈസ്, ഫയർ ഫോഴ്സ് എന്നിവയെല്ലാം പ്രവർത്തനസജ്ജമാണ്. പേട്ടതുള്ളൽ പാത ഉൾപ്പെടെ ടൗണിലും പരിസരങ്ങളിലും പൊലീസിന്റെ വിപുലമായ കാമറാ നിരീക്ഷണം ഒരുങ്ങി. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരും ജീവനക്കാരും അടുത്ത ദിവസം ചുമതലയേൽക്കും.125 പേരടങ്ങുന്ന തമിഴ്നാട്ടുകാരായ ശുചീകരണ തൊഴിലാളികൾ 16ന് എത്തും. അന്ന് മെഗാ ക്ളീനിംഗ് നടത്തി തീർത്ഥാടന കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. കഴിഞ്ഞദിവസം യുവജന സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് . എരുമേലി വലിയമ്പലത്തിൽ വിശ്രമകേന്ദ്രങ്ങൾ പൊളിച്ചിട്ടിരിക്കുന്നതിനാൽ സ്കൂൾ മൈതാനത്തെ കെട്ടിടസമുച്ചയത്തിലാണ് ഭക്തർക്കായി സൗകര്യം ഒരുക്കുന്നത്. കാനനപാതയും സജ്ജമായി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറയുന്നു.
16 ന് മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.