muralidharan

കോട്ടയം. ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന കരാറിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറിയതുകൊണ്ടാണ് അഞ്ചുവർഷം നഷ്ടപ്പെട്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പശ്ചാത്തല വികസനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ കേരളത്തിന് പുരോഗതി കൈവരിക്കാനാവില്ല. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിർമിച്ച പിൽഗ്രിം സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2016 നവംബറിലാണ് എം.ഒ.യു ഒപ്പുവെച്ചത്. എന്നാൽ സെപ്തംബറിൽ കരാറിൽനിന്ന് പിൻമാറി. പിന്നീട് 2021 വീണ്ടും അനുമതി നൽകി. ചെലവ് വീണ്ടും വർദ്ധിച്ചു. അഞ്ചുവർഷം വൈകിച്ചതിന് മറുപടി പറയേണ്ടത് സംസ്ഥാനസർക്കാരാണ്. പിൽഗ്രിം സെന്ററിൽ തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ സൗകര്യം ഏർപ്പെടുത്തുകയോ കാന്റീൻ ആരംഭിക്കുകയോ ചെയ്യണം. അതിനുള്ള സാമ്പത്തിക സഹായത്തിന് റെയിൽവേ മന്ത്രിയെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഗുഡ്‌സ് ഷെഡ് റോഡിലെ രണ്ടാംകവാടത്തിന്റെ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും റബർബോർഡിന് സമീപത്തെ തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. ജോസ് കെ.മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് സ്വാഗതവും ഡിവിഷനൽ കമേഴ്‌സ്യൽ മാനേജർ ജെറിൻ ആനന്ദ് നന്ദിയും പറഞ്ഞു.