
കോട്ടയം: കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് (എം) നേതാവുമായ ജോയി കല്ലുപുര (78) നിര്യാതനായി. വയല നെല്ലിക്കുന്ന് കല്ലുപുര ഫ്രാൻസിസ് - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. പാർട്ടി മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു ചികിത്സയിലായിരുന്നു. ഏഴിന് കേരളാ കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു സംഘർഷം. ഇതിനിടെ കുഴഞ്ഞുവീണ ജോയിയെ ആശുപത്രിയിൽ എത്തിക്കാൻ പ്രവർത്തകർ തയാറായില്ലെന്ന ആരോപണം വിവാദമായിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കവും സംഘർഷവുമുണ്ടായത്. ജോയിയെ കേരള കോൺഗ്രസ് എം നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്നുകാട്ടി ഭാര്യ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്തതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരുന്നു.
ഭാര്യ: വെമ്പള്ളി തെക്കേടം ലിസമ്മ ജോയി. മകൾ: സ്വപ്ന. മരുമകൻ: സണ്ണി കരിമറ്റം. ഇന്ന് ഉച്ചയ്ക്ക് 2.30ന് കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിൽ പൊതുദർശനം. സംസ്കാരം നാളെ 10.30 ന് വയല സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.