കുളിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ്
പാലാ : പാലായിൽ 'കുളി'യും ഒരു പ്രതിഷേധമാണ്. ഇന്നലെ രാത്രി പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ പുതുമയേറിയ ഒരു സമരത്തിനാണ് വേദിയായത്. ബസ് ടെർമിനലിൽ മേൽക്കൂര പൊട്ടി ചോർന്നൊലിക്കുന്ന വെള്ളത്തിൽ കുളിച്ച് കോൺഗ്രസ് നേതാവ് തോമസ് ആർ.വിയാണ് പുതിയ സമരമുഖം തുറന്നത്. യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഭാഗത്തെ മേൽക്കൂര പൊളിഞ്ഞിട്ട് നാളുകളായെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. സ്റ്റാൻഡിന്റെ പൊളിഞ്ഞ മേൽക്കൂരയിൽ നിന്ന് ശക്തിയിൽ വെള്ളം താഴേയ്ക്ക് പതിക്കുകയാണ്. മഴക്കാലത്ത് പരിസരത്തെങ്ങും യാത്രക്കാർക്ക് നിൽക്കാനാവില്ല. സമീപത്തെ വ്യാപാരികൾക്കും ഈ ജലപ്രവാഹം ദുരിതമാവുകയാണ്. കെ. എം.മാണി സുവർണ്ണ ജൂബിലി സ്മാരക ബസ് സ്റ്റാൻഡിനോട് പോലും നഗരസഭാധികാരികൾ കാണിക്കുന്ന അവഗണന അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ഇനി കളി കാര്യമാകും
കുളി കണ്ടിട്ടും അധികാരികൾ അനങ്ങുന്നില്ലെങ്കിൽ കളി കാര്യമാകുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയ്ക്കുള്ളിൽ ബസ് സ്റ്റാൻഡിന്റെ മേൽക്കൂരയിലെ തകരാർ പരിഹരിച്ച് ചോർച്ച ഒഴിവാക്കാൻ അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന സമരം മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.