വൈക്കം : അന്നദാനപ്രഭുവിന്റെ തിരുസന്നിധി അഷ്ടമിയ്ക്കായി ഒരുങ്ങി. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങളുടെ പ്രഭയിൽ സർവ്വാഭാരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം കൺകുളിർക്കെ കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തും. നാളെ പുലർച്ചെ 3.30 ന് നടതുറന്ന് ഉഷ:പൂജക്കും എത്യത്ത പൂജക്കും ശേഷം 4.30നാണ് അഷ്ടമിദർശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആൽത്തറയിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയ കാർത്തിക മാസത്തിലെ കറുത്ത പക്ഷത്തിലെ പുണ്യമുഹൂർത്തമാണ് വൈക്കത്തഷ്ടമിയായി കൊണ്ടാടുന്നത്. ഭക്തജനങ്ങൾക്കായി 121 പറ അരിയുടെ പ്രാതലാണ് ദേവസ്വം ബോർഡ് ഒരുക്കുക. രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ ഊട്ടുപുരയുടെ ഇരുനിലകളിലുമായി പ്രാതൽ നല്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. അഷ്ടമി പ്രാതലിന്റെ അരിയളക്കൽ ഇന്ന് വൈകിട്ട് ക്ഷേത്ര കലവറയിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് നിർവഹിക്കും.

പ്രധാന ചടങ്ങായ അഷ്ടമി വിളക്ക് രാത്രി 10 നാണ്. താരകാസുരൻ, ശൂരപത്മൻ എന്നി അസുരൻമാരെ നിഗ്രഹിക്കുവാൻ പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാണാതെ ദുഖിതനും പൂജാദി കർമ്മങ്ങളിൽ നിന്ന് വിമുഖനയിരിക്കുന്ന പിതാവായ വൈക്കത്തപ്പൻ
ആർഭാടങ്ങൾ ഇല്ലാതെ കിഴക്കേ പന്തലിലേക്ക് എഴുന്നള്ളുന്നതാണ് പ്രധാന ചടങ്ങ്. താരകാസുര നിഗ്രഹത്തിന് ശേഷം രാജാകിയ പ്രൗഢിയോടെ
ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് അഷ്ടമി വിളക്കിലെ ദൃശ്യമാണ്. കൂട്ടുമ്മേൽ ഭഗവതി , ശ്രീനാരായണപുരം ദേവൻ എന്നിവരോടപ്പം എത്തിച്ചേരുന്ന ഉദയനാപുരത്തപ്പന് വലിയ കവല, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളിൽ അലങ്കാര പന്തൽ ഒരുക്കി നിറദീപം തെളിച്ച് വാദ്യമേളങ്ങളോടെ വർണ്ണക്കുട, കരിക്കിൻ കുല, വാഴക്കുല, പുഷ്പമാല്യങ്ങൾ തുടങ്ങിയവ ഒരുക്കിയാണ് ഉദയനാപുരത്തപ്പനെ വരവേൽക്കുന്നത്. മൂത്തേടത്ത് കാവ് ഭഗവതി, ഇണ്ടം തുരുത്തിൽ ഭഗവതി, എന്നിവർക്ക് തെക്കനടയിലും വരവേല്പ് നൽകും.
കിഴക്കുംകാവ് ഭഗവതിയുടെയും പുഴവായി കുളങ്ങര മഹാവിഷ്ണുവിന്റെയും എഴുന്നള്ളിപ്പുകൾ തെക്കെ ഗോപുരനടയിൽ വച്ച് മൂത്തേടത്ത് കാവ് ദേവിയോട് ഒന്നിച്ച് നാലമ്പലത്തിന്റെ വടക്ക് വശം എത്തിചേരും തൃണയം കുടത്തപ്പൻ ഉദയനാപുരത്തപ്പനുമായി ഒന്നിച്ച് വടക്കേ ഗോപുരം വഴി നാലമ്പലത്തിന് വടക്കുഭാഗം എത്തിച്ചേരും. ഇരുഭാഗത്ത് നിന്നും വരുന്ന എഴുന്നള്ളിപ്പുകൾ ഒരുമിച്ച് വൈക്കത്തപ്പൻ എഴുന്നള്ളി നില്ക്കുന്ന വ്യാഘ്രപാദതറയിൽ എത്തിച്ചേരുന്ന നിമിഷം പിതാവായ വൈക്കത്തപ്പൻ തന്റെ സ്ഥാനം പുത്രന് നല്കി അനുഗ്രഹിക്കും. ഈ മുഹൂർത്തത്തിൽ സകല ദേവതകളുടെയും സാന്നിദ്ധ്യം വൈക്കം ക്ഷേത്രത്തിലുണ്ടാകുമെന്നാണ് വിശ്വാസം. അവകാശിയായ കറുകയിൽ കൈമൾ വാദ്യമേളങ്ങളോടെ പല്ലക്കിൽ കാണിക്ക അർപ്പിക്കുന്നതും ഈ അവസരത്തിലാണ്. ഒരു പ്രദക്ഷിണത്തിന് ശേഷം ദേവി ദേവൻമാരും പിന്നീട് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ചു പിരിയും. ഈ സമയം ദു:ഖം ദുഖകണ്ഠാരം എന്ന രാഗത്തിലാണ് നാദസ്വരം വായിക്കുക

ദു:ഖകണ്ഠാരം

വൈക്കത്തഷ്ടമിയുടെ വിട പറയൽ സമയത്ത് വിഷാദ രാഗമായ ദുഖകണ്ഠാരത്തിൽ നാദസ്വരം വായിക്കുവാനുള്ള നിയോഗം ഇക്കുറിയും വൈക്കം ക്ഷേത്ര കലാപീഠത്തിലെ അദ്ധ്യാപകരായ വൈക്കം ഹരിഹരയ്യർക്കും, വൈക്കം ഷാജിക്കുമാണ്. വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പരേതനായ കുഞ്ഞുപിള്ള പണിക്കർ ചിട്ടപ്പെടുത്തിയ രാഗത്തിൽ നാദസ്വരം വായിച്ചിരുന്നത് മക്കളായ പരേതരായ ഗോപാല ക്വഷ്ണപണിക്കരും രാധാകൃഷ്ണ പണിക്കരും ചേർന്നാണ്. ഇവർ ശിഷ്യമാരായ ഷാജിക്കും ഹരിഹരയ്യർക്കും ഈ രാഗം വായിക്കുവാനുള്ള അറിവ് പകർന്നു നല്കിയിരുന്നു.

സമാപന ഉത്സവബലി

വൈക്കത്തഷ്ടമിയുടെ സമാപന ഉത്സവബലി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. വൈക്കത്തഷ്ടമിയുടെ പ്രസിദ്ധമായ പത്താം ഉത്സവ ശ്രീബലി ഭക്തിനിർഭരമായി. തിരുനക്കര ശിവൻ, പന്മന ശരവണൻ, ആദിനാട് സുധിഷ് , കുന്നത്തൂർ രാമു, കാഞ്ഞിരക്കാട് ശേഖരൻ കണ്ടിയൂർ പ്രേം ശങ്കർ, മുണ്ടക്കൽ ശിവനന്ദൻ, തിരുവമ്പാടി അർജുൻ, പുതുപ്പള്ളി സാധു. പാമ്പാടി രാജൻ, പിച്ചിയിൽ മുരുകൻ, ചിറക്കാട്ട് അയ്യപ്പൻ തുടങ്ങിയ ഗജവീരൻമാർ അണിനിരന്നു. പാമ്പാടി രാജൻ തിടമ്പേറ്റി.


പാറമേക്കാവ് ശ്രീപത്മനാഭനെ അനുസ്മരിച്ചു

വൈക്കത്തഷ്ടമിയുടെ നിറസാന്നിദ്ധ്യമായിരുന്ന നാണുഎഴുത്തച്ഛൻ ശ്രീനിവാസന്റെ വിയോഗത്തെ തുടർന്നാണ് തെക്കേനട ആന സ്‌നേഹി സംഘം അഷ്ടമിയ്ക്ക് ഉദയനാപുരത്തപ്പനെ എഴുന്നള്ളിക്കുന്നതിനായി പാറമേക്കാവ് ശ്രീപത്മനാഭനെ 2012 ൽ കൊണ്ടുവരുന്നത്. തുടർന്ന് 2019 വരെ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 12നാണ് പത്മനാഭൻ ചെരിയുന്നത്. പാറമേക്കാവ് പദ്മനാഭനോടുള്ള ആദരസൂചകമായി ഇന്നലെ രാവിലെ തെക്കേനട ആനസ്‌നേഹി സംഘം തെക്കേനട കണ്ണംകുളങ്ങര ശാസ്താ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പാറമേക്കാവ് ശ്രീപത്മനാഭനെ അനുസ്മരിച്ചു. ആനയൂട്ടും നടത്തി. അനുസ്മരണ ചടങ്ങിൽ തെക്കേനട ആനസ്‌നേഹി സംഘം സെക്രട്ടറി കണ്ണൻ കണ്ണൻകുളങ്ങര മഠം ശ്രീപത്മനാഭന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, മാനേജർ സുരേന്ദ്രനാഥ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

ഇന്ന് പതിനൊന്നാം ഉൽസവം

രാവിലെ 5 ന് പാരായണം
6.30 ന് ഗോവിന്ദിന്റെ സംഗീത കച്ചേരി
7 ന് ഉദയനാപുരം അരവിന്ദാക്ഷമേനോന്റെ പ്രഭാഷണം
8 ന് ശ്രീബലി നാദസ്വരം പി.എസ് ബാലമുരുകൻ പി.എസ്.ശങ്കർ ജാഫ്‌ന
തകിൽ കാവാലം ശ്രീകുമാർ , പ്രദൂല ശങ്കർ
11.40 ന് സിത്താര വിജയന്റ സംഗീത സദസ്
12.20 ന് ജ്യോതി ലക്ഷ്മിയുടെ സംഗീത സദസ്
1 ന് സി വി ചന്ദന, ലക്ഷ്മി പ്രശാന്തി എന്നിവരുടെ സംഗീത സദസ്
1.40 ന് ദിവ്യ ജി നായരുടെ ഭക്തിഗാനാലാപനം
2 ന് ഉത്സവ ബലി ദർശനം
2.20 ന് കലാഭവൻ റെജിയുടെ സംഗീത സദസ്
3 ന് വെച്ചൂർ രമണന്റെ സംഗീത സദസ്
3.40 ന് പാലാക്കാട് വന്ദിത വൈദ്യമീത്തിന്റെ സംഗീത സദസ്
4.20 ന് ഗിരിഷ് വർമ്മയുടെ സംഗീത സദസ്
5 ന് തൃപ്പൂണിത്തുറ ലൈല രവീന്ദ്രന്റെ സംഗീത മാലിക
5 ന് കാഴ്ച ശ്രീബലി
7 ന് ശിഖ സുരേന്ദ്രന്റെ സംഗീത സദസ്
7.30 ന് നടൻ വിനിതും സംഘവും അവതരിപ്പിക്കുന്ന ശിവാജ്ഞലി ( ഭരതനാട്യം)
9 ന് പെരുവ ജഗദംബിക നൃത്തകലാലയത്തിന്റെ നൃത്തനൃത്തങ്ങൾ
10 ന് ബിജു മല്ലാരി അവതരിപ്പിക്കുന്ന മല്ലാരി ഫ്യൂഷൻ
12 ന് വിളക്ക്
2 ന് മീനടം ബാബുവിന്റെ ഹരികഥ കഥ ദ്രൗപതി