മുണ്ടക്കയം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരും സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും അവഗണിച്ചവരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് വീട് വച്ചു നല്‍കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം 18 ന് വൈകിട്ട് 3 ന് നാരകംപുഴയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി, സ്വാഗതസംഘം ചെയര്‍മാന്‍ ഓലിക്കല്‍ സുരേഷ് എന്നിവര്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി നേതൃത്വം നല്‍കുന്ന ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം 20 വീടുകളുടെ നിര്‍മ്മാണമാണ് നടത്തുന്നത്. പഞ്ചായത്തിന്റെ 13വാര്‍ഡുകളിലും നേരിട്ട് സന്ദര്‍ശനം നടത്തി പ്രളയ ദുരിതം മനസിലാക്കിയാണ് എം പി പദ്ധതി തയ്യാറാക്കിയത്. സ്വദേശത്തും വിദേശത്തുമുളള വിവിധ സംഘടനകളേയും വ്യക്തികളെയും കോര്‍ത്തിണക്കിയാണ് ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാരകംപുഴ സി.എസ്.ഐ പാരിഷ് ഹാളില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു മുഖ്യ പ്രഭാഷണം നടത്തും.