പാലാ : യുവതയെ നശിപ്പിക്കുന്ന മയക്കുമരുന്ന് വിപത്തിനെ പാടെ ഇല്ലാതാക്കാൻ സമൂഹിക ഇടപെടലുകൾ ഉണ്ടാവണമെന്നും ലഹരിയുടെ സാമൂഹിക വിപത്ത് സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുദിനമായ ഇന്നലെ 'മയക്കുമരുന്നിനെതിരെ മോചനജ്വാലയുമായി ജില്ലയിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളടേയും നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലെലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രവർത്തകർ ജ്വാല തെളിയിച്ചു. ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണ ലഘലേഖകളും വിതരണം ചെയ്തു. പാലാ മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ കേരള കോൺ (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആന്റോ ജോസ്, പെണ്ണമ്മ ജോസഫ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ. കെ.അലക്‌സ്, ബിജു പാലൂപ്പടവിൽ, ബൈജു കൊല്ലം പറമ്പിൽ, സോണി മൈക്കിൾ, ലീന സിക്കി, ബിജി ജോജോ, ഷാജു തുരുത്തൻ, സാജു എടേട്ട് എന്നിവർ പ്രസംഗിച്ചു.