കോട്ടയം : കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം നഗരസഭയുടെ കീഴിൽ സ്ഥാപിച്ചിരിക്കുന്ന നായ്ക്കളുടെ പ്രജനന നിയന്ത്രണ കേന്ദ്രം ഒടുവിൽ തുറക്കുന്നു. ഡിസംബർ 19 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലുകൾക്കും ചർച്ചകൾക്കുമൊടുവിലാണ് സെന്റർ അനുവദിച്ചതെന്നും ഇതുകൂടാതെ രണ്ട് സെന്റർ കൂടി ഉടൻ ആരംഭിക്കുമെന്നും അവർ പറഞ്ഞു. തുടക്കത്തിൽ ദിവസം 10 നായ്ക്കളെ വീതം വന്ധീകരിക്കാനാണ് പദ്ധതി. കെട്ടിടത്തിന്റെ പ്ലമ്പിംഗ്, വയറിംഗ് പണികൾ പൂർത്തിയായി. 50 കേജുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നൽകിയിട്ടുണ്ട്. എ.സി, റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള സൗകര്യമാണ് ഇനി ഒരുക്കാനുള്ളത്. സെന്ററിൽ നിയമിക്കേണ്ട ഡോക്ടറുടെയും തിയേറ്റർ അസിസ്റ്റന്റിന്റെയും അഭിമുഖം നടന്നു. ഇതിൽ ഒരു ഡോക്ടറെ തിരഞ്ഞെടുത്തു. നാല് മൃഗപരിപാലകർക്കായുള്ള അഭിമുഖം ഇന്ന് നടക്കും.
നായ്ക്കളെ പിടികൂടാൻ സന്നദ്ധത അറിയിച്ചത് 60 പേർ
നായ്ക്കളെ പിടികൂടാനായി അറുപത് പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയത് കോട്ടയം ജില്ലയിലാണ്. 85 ശതമാനം വാക്സിനേഷൻ ജില്ലയിൽ പൂർത്തിയായി. ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്ന് ജില്ലയിൽ കൊന്നൊടുക്കിയ പന്നികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
കോടിമതയിലുള്ള എ.ബി.സി സെന്റർ സജ്ജമായിട്ടുണ്ട്. ആനിമൽ വെൽഫയർ ബോർഡിന്റെ നിബന്ധനകൾ പാലിച്ചായിരിക്കും പ്രവർത്തനം. കോട്ടയം നഗരം, പള്ളം പ്രദേശങ്ങളിലെ നായ്ക്കളെയാണ് തുടക്കത്തിൽ വന്ധീകരിക്കുക
നിർമ്മല ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)