പൊൻകുന്നം : ദേശീയ കുളമ്പുരോഗ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഡിസംബർ എട്ടുവരെ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള പശു, എരുമ വർഗത്തിൽപ്പെട്ടതും മൂന്നുമാസത്തിനു മേൽ പ്രായമുള്ളതുമായ മുഴുവൻ മൃഗങ്ങൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.ഡെന്നിസ് തോമസ് അറിയിച്ചു. പഞ്ചായത്ത് പ്രദേശത്തു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച സ്‌ക്വാഡുകൾ കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകുകയും അടിസ്ഥാന വിവരശേഖരണം നടത്തുകയും ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വെറ്ററിനറി സർജൻ ഡോ. അരുൺ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.