കുമരകം: കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബദൽ ഗതാഗത ക്രമീകരണങ്ങളാകെ പാളിപ്പോയ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരെ കൂടി പരിഗണിച്ച് വേണ്ട സഞ്ചാര സൗകര്യമൊരുക്കാൻ അധികാരികൾ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. സിസണിൽ വടക്കൻ ജില്ലകളിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർ ആശ്രയിച്ചിരുന്നു പ്രധാന പാതയാണ് തണ്ണീർമുക്കം കുമരകം കോട്ടയം പാത. കഴിഞ്ഞ സീസൺ കാലങ്ങളിലെല്ലാം ആയിര കണക്കിന് അയ്യപ്പഭക്തൻമാരാണ് കുമരകം വഴി ശബരിമലയ്ക്ക് എത്തിയിരുന്നത്. എന്നാൽ കുമരകം കോണത്താറ്റ് പാലം നിർമാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇതുവഴി ഉണ്ടായിരുന്ന സുഗമമായ യാത്രയ്ക്ക് തടസം നേരിടാൻ സാധ്യത ഏരെയാണ്. ഇത് കണക്കിലെടുത്ത് വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയാറാകണമെന്ന ആവശ്യം ശക്തമാണ്. അതേസമയം കുമരകത്തിന്റെ തെക്കൻ മേഖലയായ അട്ടിപീടികയ്ക്കും കൊഞ്ചുമടയ്ക്കുമുള്ള ബസ് സർവീസ് നിർത്തിയതിനെ തുടർന്ന് ജനങ്ങൾ കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്. യാത്രാക്ലേശം പരിഹരിക്കാനാവശ്യമായ സർവീസ് ബസുകൾ ഓടുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് പ്രദീപ്കുമാർ പറഞ്ഞു.