
കോട്ടയം. നാടും നഗരവും ലോകകപ്പ് ആവേശത്തിലേക്ക് . താരങ്ങൾക്കും ടീമുകൾക്കും ആശംസകൾ അർപ്പിച്ച് വഴി നീളെ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും ഉയരുന്നു. എന്നാൽ ഇക്കാര്യത്തിൽ കരുതൽ വേണമെന്നാണ് അധികൃതരുടെ നിർദേശം.
കഴിഞ്ഞ ലോകകപ്പ് കാലത്ത് ഫ്ലക്സ് ബോർഡുകളായിരുന്നു ഏറെയും. എന്നാൽ ഇത്തവണ അത് കൂറ്റൻ കട്ടൗട്ടുകളിലേക്ക് മാറി. സൂപ്പർതാരങ്ങളുടെ മുപ്പതും നാല്പതും അറുപതും അടിയുള്ള കട്ടൗട്ടുകളാണ് കേരളത്തിന്റെ വിവിധയിടങ്ങളിലുള്ളത്. ഒരു താരത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചാൽ അതിലും ഉയരത്തിലുള്ളത് സ്ഥാപിക്കാനാണ് മറ്റ് ആരാധകരുടെ ശ്രമം. എന്നാൽ ആവേശം അതിരുകടന്ന് അപകടത്തിന് കാരണമാകുന്നുമുണ്ട്. ഇല്ലിക്കലിൽ കഴിഞ്ഞ ദിവസം കട്ടൗട്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ 11 കെ.വി ലൈനിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഷോക്കേറ്റിരുന്നു. താരങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത് പ്ലൈവുഡിൽ ഒട്ടിച്ച് കമുക് നാട്ടി അതിലാണ് സ്ഥാപിക്കുന്നത്. കമുക് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
പരസ്യബോർഡുകൾ സ്ഥാപിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങണമെന്നുണ്ട്. എന്നാൽ ഇത് പലരും കാര്യമാക്കാറില്ല.
വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് സമീപം കട്ടൗട്ടുകൾ സ്ഥാപിക്കരുത്.
വാഹനയാത്രക്കാരുടെ കാഴ്ച മറച്ച് കട്ടൗട്ടുകൾ സ്ഥാപിക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. വലിയ കട്ടൗട്ടുകൾ കാറ്റടിച്ച് മറിഞ്ഞുവീഴാനും ഉയർത്തുമ്പോൾ ഒടിഞ്ഞുവീഴാനും സാദ്ധ്യതയുണ്ട്.
നിരോധിത പ്രചരണവസ്തുക്കൾ ഉപയോഗിച്ചാൽ 10000 മുതൽ 50000 രൂപ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ ഈടാക്കും.