വൈക്കം : അഷ്ടമി വിളക്കിന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വലിയ കവല, കൊച്ചാലും ചുവട്, വടക്കേനട എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊച്ചാലുംചുവട്ടിൽ മനോഹരമായ അലങ്കാരപ്പന്തൽ ഉയർന്നിട്ടുണ്ട്. ദീപാലങ്കാരങ്ങൾ ഒരുക്കി നിറദീപങ്ങൾ തെളിയിച്ച് നിറപറപറയും വാദ്യമേളങ്ങളുമായാണ് ഉദയനാപുരത്തപ്പനെ വരവേൽക്കുന്നത്. മൂത്തേടത്ത് കാവ് ഭഗവതി, ഇണ്ടം തുരുത്തിൽ ഭഗവതി എന്നിവർക്ക് തെക്കേനടയിൽ വരവേൽപ്പ് നല്കും. അഷ്ടമി വിളക്കിന് വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത് ഗജവീരൻ പാമ്പാടി രാജാനാണ്. ഉദയനാപുരത്തപ്പന്റെ തിടമ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ ശിരസ്സിലേറ്റും.
ആറാട്ട് നാളെ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ആറാട്ട് നാളെ നടക്കും. വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. തന്ത്രിമാരുടെ നേതൃത്വത്തിൽ വീശേഷാൽ പൂജകൾക്ക് ശേഷമാണ് ചടങ്ങ്. വൈക്കത്തപ്പന്റെ ആറാട്ട് ഇരുവൂഴിക്കരയിലുള്ള ആറാട്ടുകുളത്തിലാണ് നടക്കുക. ആറാട്ടിനായി എഴുന്നള്ളുന്ന പിതാവായ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പൻ ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ആചാരപൂർവം എതിരേറ്റ് ആറാട്ടിനായി ആനയിക്കും.
ഉദയനാപുരത്ത് നാളെ കൂടിപ്പൂജ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ കൂടിപ്പൂജ നടക്കും. വൈക്കത്തഷ്ടമിയുടെ ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും കൂടിപ്പൂജ വിളക്കും ആചാരമാണ്. ഉദയനാപുരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും ഒരെ പീഠത്തിലിരുത്തി താന്ത്രിക വിധി പ്രകാരം നടത്തുന്ന ക്രിയയാണ് കൂടിപ്പൂജ. ഈ സമയം വിശേഷപ്പെട്ടതായതിനാൽ അടിമ, തുലാഭാരം, ചോറൂണ് എന്നിവ നടത്തുന്നതിന് ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തും. ഇരുദേവൻമാരെയും പുറത്തേഴുന്നള്ളിച്ച് കൂടിപ്പൂജ വിളക്കും വിടപറയൽ ചടങ്ങും.
ആദ്യ കാണിക്ക സമർപ്പിക്കാൻ ഗോപാലൻ നായർ
വൈക്കത്തപ്പന് ആദ്യ കാണിക്ക അർപ്പിക്കാൻ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപലൻ നായർ മഹാദേവ ക്ഷേത്രത്തിൽ എത്തും. അവകാശം ഏറ്റെടുത്ത ശേഷം തുടർച്ചയായി ഇത് 21ാം വർഷമാണ് ഗോപാലൻ നായർ അഷ്ടമി വിളക്കിന് കാണിക്ക അർപ്പിക്കാനെത്തുന്നത്. ഇന്ന് ഉച്ചയോടെ കുടുംബാംഗങ്ങളോടൊപ്പം ഗോപാലൻ നായർ വൈക്കത്തെത്തും. വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും മറ്റ് ദേശ ദേവതമാരും വ്യാഘ്രപാദ സങ്കേതത്തിൽ എഴുന്നള്ളി നിൽക്കുന്ന സന്ദർഭത്തിൽ കറുകയിൽ കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിൽ എഴുന്നള്ളി കാണിക്ക അർപ്പിക്കും. തലമുറകളായി പകർന്നു കിട്ടിയ അവകാശം കറുകയിൽ കുടുംബം ഇന്നും സംരക്ഷിച്ചു പോരുന്നു. ക്ഷേത്ര നിർമ്മാണത്തിന് മുൻപ് വൈക്കം കരയിൽ ഉൾപ്പെട്ടിരുന്ന കിടങ്ങൂർ ഗ്രാമത്തിൽ തപസ്സിനെത്തിയ മഹർഷി ശിവ വിഗ്രഹം ദർശിച്ച ശേഷം കാണിക്ക അർപ്പിക്കുന്നതിന് കറുകയിൽ കുടുംബത്തിനെ ഏൽപ്പിച്ചതായാണ് വിശ്വാസം. ഒരു അപകടത്തിൽ നിന്ന് ക്ഷേത്രം സംരക്ഷിച്ച അവസരത്തിൽ കറുകയിൽ കൈമൾ സന്തോഷ സൂചകമായി കൈയ്യിലിരുന്ന ചെത്തിപ്പൂ വൈക്കത്തപ്പന് കാണിക്കയർപ്പിച്ചതായും പറയുന്നു. കൈമൾ കാണിക്ക അർപ്പിച്ചതിന് ശേഷമേ ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാൻ അനുമതിയുള്ളൂ. അഷ്ടമി ദിനത്തിൽ പുലർച്ചെ രണ്ടിന് ശേഷമാണ് വലിയ കാണിക്ക
ഇന്ന് അഷ്ടമി
പുലർച്ചെ 4.30 ന് അഷ്ടമി ദർശനം
7 ന് വൈക്കത്തപ്പൻ തിരുവാതിര സംഗീത സേവാ സംഘം അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം
7 ന് പൂത്തോട്ട അഷ്ടമി ഭജൻസിന്റെ ഭജന
8 ന് വേളൂർ മീരാ അരവിന്ദിന്റെ സംഗീത സദ സ്
8.40 ന് ചൊവ്വര ലത ഹരിദാസിന്റെ സംഗീത സദസ്
1 ന് ഇടനാട് രാജൻ നമ്പ്യാരുടെ ചാക്യാർ കൂത്ത്
2 ന് കോട്ടയം സിംഫണി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള
3 ന് വൈക്കം ശിവശ്രീയുടെ ഭക്തിഗാന മഞ്ജരി
4 ന് വൈക്കം രമ്യാ കൃഷ്ണന്റെ ഓട്ടൻ തുള്ളൽ
5 ന് സരസ്വതി എ.ആര്യയുടെ മ്യൂസിക് ഫ്യൂഷൻ
6 ന് ഹിന്ദുമത കൺവെൻഷൻ, ഉദ്ഘാടനം: ജസ്റ്റിസ് എൻ.നഗരേഷ്
7.30 ന് തിരുവനന്തപുരം വാനമ്പാടികൾ അവതരിപ്പിക്കുന്ന ഭക്തിഗാനം
8 ന് ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ കച്ചേരി
രാത്രി 10 ന് ഭരത് സുന്ദർ അവതരിപ്പിക്കുന്ന സംഗീത സദസ്
രാത്രി 11 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ് 2 ന് വലിയ കാണിക്ക, വെടിക്കെട്ട്
3.30 ന് ഉദയനാപുരത്തപ്പന്റെ യാത്രഅയപ്പ്