ചങ്ങനാശേരി : കുത്തനെയുള്ള ഇറക്കം, കൊടുംവളവ്.. ഡിവൈഡർ ഒക്കെ സ്ഥാപിച്ചിട്ടുണ്ട് പക്ഷെ എന്ത് പ്രയോജനം.ഒരാൾ പൊക്കത്തിൽ കാട് മൂടി. കാഴ്ചയും മറഞ്ഞു. കണ്ണൊന്നു തെറ്റിയാൽ അപകടം ഉറപ്പ്. എം സി റോഡിലെ തിരക്കേറിയ കുറിച്ചി ഔട്ട്‌ പോസ്റ്റ്‌ ജംഗ്ഷനിലാണ് ഈ അപകടക്കെണി. ദിനംപ്രതി ദീർഘദൂര വാഹനങ്ങൾ അടക്കം നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടം നിറഞ്ഞ വളവും പടിഞ്ഞാറൻ പ്രദേശത്തെയ്ക്ക് തിരിയുന്ന ഭാഗവുമായതിനാൽ അപകടങ്ങൾ പതിവാണ്. സിഗ്‌നൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗതയും സിഗ്‌നലുകളെ മറികടക്കുന്നതിനുള്ള തിടുക്കവും അപകടത്തിൽ കലാശിക്കാറുണ്ട്. നടപ്പാതയടക്കം കാട് മൂടിയത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. തിരക്കേറിയ റോഡിലേയ്ക്ക് ഇറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കും.

ഇഴജന്തുക്കളെ പേടിച്ചാരും...

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടെയാണ് ഇവിടം. ഇടക്കാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കാതായി. റോഡരികിൽ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ചെടികൾ നട്ടുപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും കാട് മൂടിയ നിലയിലാണ്.