പാലാ: ഇന്ന് വൃശ്ചികം ഒന്ന്. വീണ്ടുമൊരു മണ്ഡലക്കാലം. പ്രമുഖക്ഷേത്രങ്ങളിലെല്ലാം മണ്ഡലപൂജ മഹോത്സവത്തിന് ഒരുക്കങ്ങളായി. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് ദീപാരാധന, ഭജന എന്നിവ ക്ഷേത്രങ്ങളിൽ നടക്കും.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പസന്നിധിയിൽ നെയ്യഭിഷേകം, തേനഭിഷേകം, കരിക്കഭിഷേകം, പാലഭിഷേകം തുടങ്ങിയവ നടക്കും. ഭക്തർ ശുദ്ധിയോടെ നേരിട്ടെത്തിക്കുന്ന നെയ്യാണ് എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 ന് ഇവിടെ അഭിഷേകം നടത്തുന്നത്. ഗണപതിഹോമം, വിശേഷാൽ പൂജകൾ, നവഗ്രഹപൂജ, വൈകുന്നേരങ്ങളിൽ ദീപാരാധന, ഭജന എന്നിവയുമുണ്ട്. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
പാലാ ളാലം മഹാദേവക്ഷേത്രത്തിൽ ദിവസവും വൈകിട്ട് വിശേഷാൽ ദീപാരാധനയും ഭജനയും നടക്കും.
കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, വിവിധ അഭിഷേകങ്ങൾ, വൈകിട്ട് ദീപാരാധന എന്നിവ നടക്കും.
പുലിയന്നൂർ ശ്രീമഹാദേവക്ഷേത്രം, പാലാ അമ്പലപ്പുറത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ചെത്തിമറ്റംതൃക്കയിൽ മഹാദേവക്ഷേത്രം, അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അന്തീനാട് ശ്രീമഹാദേവക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, പാലാ വെള്ളാപ്പാട് ഭഗവതിക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ്, ഐങ്കൊമ്പ് പാറേക്കാവ് ഭഗവതിക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്ത്രാക്ഷേത്രം, നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനി ദേവിക്ഷേത്രം തുടങ്ങിയിടങ്ങളിലും വിശേഷാൽ പൂജകളോടെ മണ്ഡലവ്രത പൂജകൾ നടക്കും.