ചെറുവള്ളി: പൊൻകുന്നം മണിമല റോഡിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ തിരിച്ചറിയുന്നതരത്തിലുള്ള കാമറകൾ സ്ഥാപിക്കണമെന്ന് റെഡ് ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണം പൂർത്തിയായതോടെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. രാത്രിയിൽ കാൽനട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും ഇടിച്ചിട്ട് വാഹനങ്ങൾ നിർത്താതെ പോകുന്ന സംഭവങ്ങളുണ്ടായി. ഇത്തരത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. ഇടിച്ച വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തത് മൂലം ഇൻഷുറൻസ് തുക പോലും ലഭിക്കില്ല. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ഗതാഗതമന്ത്രി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാകളക്ടർ, ജില്ലാ പൊലീസ് മേധാവി, കോട്ടയം ആർ.ടി.ഒ എന്നിവർക്ക് നിവേദനം നൽകി.