ഏന്തയാർ പാലം പുനർനിർമ്മാണം വൈകുന്നു
മുണ്ടക്കയം: മാസങ്ങൾ കടന്നുപോയി, കൃത്യമായി പറഞ്ഞാൽ വർഷം ഒന്ന് കഴിഞ്ഞു. ഇപ്പോഴും ഏന്തയാർ പാലത്തിന്റെ കാര്യത്തിൽ മാത്രം ഒരു നടപടിയുമില്ല. തകർന്ന പാലം അതേപടി തന്നെ. പ്രളയത്തിൽ തകർന്ന ഏന്തയാർ പാലം പുനർനിർമ്മിക്കുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ജനകീയ കൂട്ടായ്മ സമരത്തിനൊരുങ്ങുകയാണ്. നാളെ ജനകീയ മാർച്ചും പൊതുസമ്മേളനവും നടത്തുമെന്ന് ജനകീയ കൂട്ടായ്മ കൺവീനർ കെ.കെ കരുണാകരൻ അറിയിച്ചു. പ്രളയം നടന്ന 13 മാസം പിന്നിടുമ്പോഴും, സർക്കാരും ജനപ്രതിനിധികളും മേഖലയെ അവഗണിക്കുകയാണ്. കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങൾ ഇതുമൂലം ഏറെ ദുരിതത്തിലാണ്. പാലം തകർന്നതോടെ നൂറുകണക്കിന് വിദ്യാർഥികളും ജനങ്ങളും കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. നാളെ 3ന് ഏന്തയാർ ഈസ്റ്റിൽ നിന്നും ജനകീയ മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സാമൂഹ്യ പ്രവർത്തകൻ പ്രൊഫ.സി. ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.
വാക്ക് വെറും വാക്കായി
പാലം ഉടൻ എന്ന അധികാരികളുടെ വാക്ക് വെറും വാക്കായി. പാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനാസ്ഥ തുടരുകയാണ്. ഇതിനെതിരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.