
വൈക്കം. വൈക്കം മഹാദേവക്ഷേത്രത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തർക്ക് സായുജ്യമായി. പുലർച്ചെ 4.30ന് ദർശനത്തിനായി നടതുറന്നപ്പോൾ പഞ്ചാക്ഷരി മന്ത്രത്താൽ ക്ഷേത്രസങ്കേതം മുഖരിതമായി. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്.
ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആൽമര ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പിയതോടെ അന്നദാനപ്രഭുവിന്റെ സന്നിധിയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമായി. നൂറ്റിയിരുപത്തിയൊന്ന് പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഭക്തജനങ്ങൾക്ക് ഒരുക്കിയത്.
രാത്രിയിലെ അഷ്ടമി വിളക്കും ഭക്തിസാന്ദ്രമായി. വലിയകവല മുതൽ വടക്കേ ഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പങ്ങൾ വിതറി ഭക്തജനങ്ങൾ നൽകിയ ഭക്തിനിർഭരമായ സ്വീകരണമേറ്റുവാങ്ങി ദേവസേനാപതിയായ ഉദയനാപുരത്തപ്പൻ കൂട്ടമ്മേൽ ഭഗവതിക്കും ശ്രീനാരായണപുരം മഹാവിഷ്ണുവിനുമൊപ്പം വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അഷ്ടമി വിളക്കിന് തുടക്കമായി. തുടർന്ന് കിഴക്കുനിന്നെത്തി വൈക്കം സമൂഹത്തിന് മുന്നിൽ കാത്തുനിന്നിരുന്ന പുഴവായിക്കുളങ്ങര മഹാവിഷ്ണുവിനും കിഴക്കുംകാവ് ഭഗവതിക്കും തെക്കുനിന്നെത്തിയ ഇണ്ടംതുരുത്തിൽ ഭഗവതിക്കുമൊപ്പം ദേശദേവതയായ മൂത്തേടത്തുകാവിൽ ഭഗവതി തെക്കേ ഗോപുരം വഴിയും തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി പടിഞ്ഞാറെ ഗോപുരം വഴിയും ക്ഷേത്രത്തിൽ പ്രവേശിച്ചു. താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനെക്കാത്ത് പ്രാപഞ്ചിക വൈകാരികഭാവങ്ങളോടെ ആകുലചിത്തനായി വാദ്യമേളങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിന്നിരുന്ന വൈക്കത്തപ്പൻ വിജയാരവങ്ങളോടെയെത്തിയ ദേവസേനാപതിക്ക് ആചാരപ്രകാരം സ്വന്തംസ്ഥാനം നൽകി ആദരിച്ചതോടെ മറ്റ് ദേവീദേവന്മാരും അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരന്നു. പണ്ട് ഊരാണ്മക്കാർ കൊടുത്ത കാരാണ്മയുടെ അവകാശവുമായി കറുകയിൽ കൈമൾ പല്ലക്കേറിവന്ന് ദേവസന്നിധിയിൽ ആദ്യകാണിക്ക അർപ്പിച്ചതോടെ വലിയകാണിക്കയ്ക്കും ആരംഭമായി. തുടർന്നായിരുന്നു ദേവീദേവന്മാരുടെ വിടപറയലും ദുഃഖകണ്ഡാരരാഗത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റേയും മകന്റേയും വേർപിരിയലും.