വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് 5 ന് നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി ,ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ വിഗ്രഹത്തിലേക്ക് ആവാഹിക്കും.വൈക്കത്തപ്പനെ ആനപ്പുറത്തെഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണത്തിനു ശേഷം കൊടിമരച്ചുവട്ടിൽ എത്തി പാർവതീദേവിയോട് യാത്ര ചോദിച്ച ശേഷം വൈക്കത്തപ്പൻ ആറാട്ടിന് പുറപ്പെടും. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട്. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയാകും.
ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ രാത്രി 10ന് കൂടിപ്പുജ നടക്കും. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ച് പൂജകൾ നടത്തുന്ന ചടങ്ങാണ് കൂടിപ്പൂജ. തുടർന്ന് കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് മടങ്ങും.