
കോട്ടയം . ശബരിമലക്ക് പോകാൻ മാലയിട്ട് ഇരുമുടിക്കെട്ടും നിറച്ച് കറുപ്പു വസ്ത്രവും ധരിക്കുന്നതിന് ശരാശരി ചെലവ് 1000-1500 രൂപ. പോയി മടങ്ങിവരുന്നതിനുള്ള ചെലവ് കൂടിയാകുമ്പോൾ കഠിനമെന്റയ്യപ്പ എന്ന് പറഞ്ഞു പോകുകയാണ് സാധാരണക്കാരായ അയ്യപ്പന്മാർ. മാലയ്ക്ക് ക്വാളിറ്റി അനുസരിച്ച് 50 മുതൽ 200 രൂപ വരെയായി. വില കുറവുള്ള തുളസിമാല കണികാണാനില്ല. കിലോയ്ക്ക് 28 രൂപ വരെ താഴ്ന്ന തേങ്ങ വില മണ്ഡലകാലം ആരംഭിച്ചതോടെ 38 ലെത്തി. നെയ്യ് കിലോയ്ക്ക് 40 രൂപയാണ് സർക്കാർ സ്ഥാപനമായ മിൽമ അടുത്ത ദിവസം കൂട്ടിയത്. മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ 60 രൂപ വരെ കൂട്ടി. മുണ്ടിന് 150 മുതൽ മുകളിലോട്ടാണ് വില. തോൾ സഞ്ചി, തീർത്ഥാടന വാഹനങ്ങളിൽ വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയും എത്തിത്തുടങ്ങി. എല്ലാത്തിനും മുൻവർഷത്തെക്കാൾ 25 ശതമാനം വരെ വില ഉയർന്നു.
ഇൻസ്റ്റന്റ് പാക്കേജ്.
മാല മുതൽ കെട്ട് നിറയ്ക്കുന്നതിനാവശ്യമായ മുഴുവൻ സാധനങ്ങൾ കടകളിൽ ഇൻസ്റ്റന്റ് പാക്കേജിൽ ലഭിക്കും. പ്രധാന ക്ഷേത്രങ്ങളിൽ കെട്ടു നിറയ്ക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പെരിയസ്വാമിമാരുടെ കൈവശവും എല്ലാ സാധനങ്ങളുമുണ്ട്. കൂടിയ വില നൽകണമെന്ന് മാത്രം. ശബരിമല യാത്ര സ്പെഷ്യലാക്കി 30 ശതമാനം അധിക നിരക്കാണ് കെ എസ് ആർ ടി സി ഈടാക്കുന്നത്. അങ്ങോട്ടു പോകുന്ന കാശല്ല മടക്കയാത്രയിൽ ഈടാക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. അധിക നിരക്ക് പ്രശ്നം ഹൈക്കോടതിയിലും എത്തി. റെയിൽവേയും അയ്യന്മാർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
വില നിലവാരം ഇങ്ങനെ.
മാല . 50 - 200 .
തോൾ സഞ്ചി . 30 - 150.
ചെറിയസഞ്ചി . 10 - 30.
കറുപ്പ് മുണ്ട് . 150.
നെയ്യ് . 60 - 80 (100 ഗ്രാം).
തേങ്ങ . കിലോ 38 രൂപ.