കുറവിലങ്ങാട് :ഇലക്കാട്,വെളിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇലക്കാട് വില്ലേജ് ഓഫീസിന് പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നത്. ബലക്ഷയം സംഭവിച്ച കെട്ടിടം പൊളിച്ചു നീക്കിയ ശേഷമാണ് ആധുനിക സൗകര്യങ്ങളുടെ പുതിയ കെട്ടിടം നിർമ്മിച്ചത്. വെളിയന്നൂർ വില്ലേജ് ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഓഫീസ് സ്മാർട്ട് ആക്കാനുള്ള പദ്ധതി തീരുമാനമായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മരങ്ങാട്ടുപിള്ളിയിലെ ഇലക്കാട് വില്ലേജ് ഓഫീസിലും 4.30ന് വെളിയന്നൂരിലും നടക്കുന്ന ചടങ്ങ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർ പങ്കെടുക്കും.