കോട്ടയം: എന്തൊരു ദുരവസ്ഥ. കോടിമത പച്ചക്കറി മാർക്കറ്റിൽ എത്തുന്നവർക്കും ഇവിടുത്തെ വ്യാപാരികൾക്കും പറയാനുള്ളത് പരാതി മാത്രമാകും. കാരണം ആരെയും കാത്തിരിക്കുന്നത് അത്രയേറെ ദുരിതമാണ്. കോടിമത പച്ചക്കറി മാർക്കറ്റ് ഇന്ന് അവഗണനയുടെ വക്കിലാണ്. 130 വലിയ കടകളും 30 വെണ്ടർ സ്റ്റാളുകളുമാണ് നിലവിൽ മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം 50 ഓളം ലോറികൾ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലോഡുകളുമായി എത്തുന്നുണ്ട്. കൂടാതെ, 18 ഓളം സത്രീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

പിന്നിട്ടു, ഒന്നരമാസം

വെള്ളവും വൈദ്യുതിയും മുടങ്ങിയതോടെ കോടിമത മാർക്കറ്റിനുള്ളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ സാധിക്കാതെ വ്യാപാരികളും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്. ഒന്നരമാസമായി ഇതാണ് അവസ്ഥ. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ നടപടിയുണ്ടായില്ലെന്ന് ജീവനക്കാരും വ്യാപാരികളും പറയുന്നു. ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് വാട്ടർ അതോറിട്ടി ജീവനക്കാർ മാർക്കറ്റിലേക്കുള്ള ജലവിതരണത്തിന്റെ പൈപ്പ് അറുത്തുമാറ്റിയത്. സമീപത്തെ ആറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം ശേഖരിച്ച് ഉപയോഗിക്കേണ്ട സ്ഥിതിയാണ്. ആറിന് സമീപം കൽപ്പടവുകൾ ഇല്ലാത്തത് അപകടത്തിനും ഇടയാക്കുന്നു.

വൃത്തിഹീനമായി ടോയ്‌ലെറ്റ്,

10 ടോയ്‌ലെറ്റുകളും ഒരു കുളിമുറിയുമാണ് കെട്ടിടത്തിലുള്ളത്. വാതിലുകൾ പൊട്ടിപ്പൊളിഞ്ഞും വൃത്തിഹീനവുമായാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകൾക്കായി പ്രത്യേക ടോയ്‌ലെറ്റുകളും ഇവിടെയില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ സ്ത്രീ ജീവനക്കാരിൽ പലരും ജോലി നിർത്തേണ്ട സ്ഥിതിയാണ്. ഫീസ് ഈടാക്കുന്നതിനായി നഗരസഭ ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്.

ചോർന്നൊലിക്കുന്ന കെട്ടിടം

കെട്ടിടത്തിന് മുകളിലെ ഷീറ്റ് പൂർണ്ണമായും പൊളിഞ്ഞ് കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. വ്യാപാരികൾ താത്ക്കാലികമായി ടാർപോളീൻ ഷീറ്റ് കെട്ടിവലിച്ചിരിക്കുന്ന സ്ഥിതിയാണ്. പാസേഞ്ച് റോഡും തകർന്ന് വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ്.