വൈക്കം : അഷ്ടമി ആഘോഷങ്ങൾക്ക് പരിസമാപ്തിയായതോടെ തല ഉയർത്തി പൊലീസും ദേവസ്വം ബോർഡും. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള അഷ്ടമിയ്ക്ക് കൊടിയേറ്റ് ദിനം മുതൽ ക്ഷേത്രനഗരത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ജനക്കൂട്ടമാണ് ഇത്തവണ അഷ്ടമിക്കെത്തിയത്. ഉത്സവത്തിന് കൊടിയേറിയതുമുതൽ ദേവസ്വം ബോർഡിനും പൊലീസിനും വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിന്റെ നേതൃത്വത്തിൽ വൻപൊലീസ് സംഘമാണ് നഗരത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. വൈക്കം സി.ഐ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള സി.ഐമാരും അഷ്ടമി അവസാനിക്കുന്നതുവരെ വൈക്കത്ത് ക്യാമ്പ് ചെയ്തു. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. എക്‌സൈസും ജാഗരൂരകരായി നിലകൊണ്ടു. ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ വി.കൃഷ്ണകുമാർ, അസി. കമ്മീഷണർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം അധികാരികളുടെ സജീവപങ്കാളിത്തമാണ് അഷ്ടമി ആഘോഷത്തിന് ഉണ്ടായിരുന്നത്. നഗരസഭയും ഉണർന്നു പ്രവർത്തിച്ചു. മാലിന്യം നീക്കാൻ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഹരിതകർമസേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ പ്രവർത്തനവും പ്രശംസനീയമായിരുന്നു. അഷ്ടമിലേലം വഴി മികച്ച വരുമാനം ലഭിച്ചത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നഗരസഭയ്ക്ക് വലിയ ആശ്വാസമായി. അഗ്‌നിരക്ഷാസേനയും കർമനിരതരായി രംഗത്തുണ്ടായിരുന്നു.
അന്നദാനം ഒരുക്കി വൈക്കം സമൂഹമഠം
വൈക്കം : അഷ്ടമി ഉത്സവത്തിന്റെ മുഴുവൻ ദിനങ്ങളിലും അന്നദാനം ഒരുക്കി വൈക്കം സമൂഹമഠം. ഭക്തർക്കും വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കും ഉച്ചയൂണും അത്താഴവും നൽകിയാണ് വൈക്കം സമൂഹം വൈക്കത്തഷ്ടമിയെ വരവേറ്റത്. വൈക്കം സമൂഹത്തിന്റെ സന്ധ്യവേല ദിവസം ആരംഭിച്ച അന്നദാനം ആറാട്ടുദിനം വരെ നീണ്ടു. അഷ്ടമിക്ക് വൈക്കത്തെത്തിയവരെ രണ്ടുനേരം ഭക്ഷണം നൽകിയാണ് വൈക്കം സമൂഹം സ്വീകരിച്ചത്. സാധാരണ ദിവസങ്ങളിൽ അഞ്ഞൂറോളം പേർക്കാണ് ഭക്ഷണം വിളമ്പിയതെങ്കിൽ അഷ്ടമി ദിനത്തിൽ അത് രണ്ടായിരം കടന്നു. വൈക്കം സമൂഹമഠം സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി, പ്രസിഡന്റ് പി.ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.