മുണ്ടക്കയം 35-ാം മൈൽ വണ്ടൻപതാൽ റോഡ്
മുണ്ടക്കയം: ശബരിമല തീർത്ഥാടനകാലമാണ്. റോഡ് നന്നാക്കുമെന്ന് കരുതി. പക്ഷേ ഒന്നും നടന്നില്ല. യാത്രക്കാരുടെ ആ പ്രതീക്ഷയും പൊലിഞ്ഞു...
പൊതുമാരമത്ത് വകുപ്പിന്റെ കീഴിലുള്ള മുണ്ടക്കയം 35-ാം മൈൽ വണ്ടൻപതാൽ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാർ ഏറെയാണ്. പക്ഷേ റോഡിലെ കുഴികളുടെ എണ്ണമെടുത്താൽ അതിലുമേറെയാണ്. പ്രവേശന കവാടമായ 35-ാം മൈലിൽ നിന്നും വണ്ടൻപതാൽ പള്ളി ജംഗ്‌ഷന് സമീപം വരെ റോഡിൽ കുഴികളോട് കുഴികളാണ്. ശബരിമല തീർഥാടനം ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്.
തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുമ്പോൾ പമ്പയിൽ നിന്നും വഴി തിരിച്ചുവിടുന്ന വാഹനങ്ങൾ കോരുത്തോട് വഴി എത്തുന്നത് ഈ പാതയിലൂടെയാണ്. എന്നാൽ റോഡ് തകർന്നതോടെ ഈ വഴിയുള്ള വാഹന യാത്ര ദുരിതമായി മാറുകയാണ്.
വരില്ല ഈ വഴി..
ശബരിമലയ്ക്ക് ഇതുവഴി കടന്നു പോകുന്ന തീർത്ഥാടക വാഹനങ്ങൾ മടക്കയാത്ര വണ്ടൻപതാലിൽ നിന്നും നേരെ മുണ്ടക്കയം വഴിയാക്കുകയാണ്. ഇത് വരിക്കാനി കവലയിലും കോസ് വേ ജംഗ്ഷനിൽ ഉൾപ്പെടെ ട്രാഫിക്ക് തടസത്തിന് കാരണമാകുന്നുണ്ട്. പൊതുമാരമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലെ കുഴികൾ താത്ക്കാലികമായെങ്കിലും നികത്തണമെന്ന ആവശ്യം ശക്തമാണ്.