
കോട്ടയം. കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിവ് നേരിടുന്ന കർഷകർക്ക് ഇരുട്ടടിയായി, രാസവളങ്ങളുടെ അമിത വില. വള പ്രയോഗത്തിന്റ സമയത്താണ് വിലക്കയറ്റം. കപ്പ, വാഴ, പച്ചക്കറി, നെല്ല് തുടങ്ങിയ കൃഷികൾ തുടങ്ങേണ്ട സമയവുമാണിത്.
ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങി എല്ലാ വളങ്ങൾക്കം വില ഉയർന്നു. പൊട്ടാഷിന് വില വർദ്ധിക്കുന്നത് കൂട്ടുവളങ്ങളുടെ വിലയും കൂട്ടും. വില കുറഞ്ഞ പുതിയ നാനോ യൂറിയ വളങ്ങളുടെ ശാസ്ത്രീയമായ പ്രയോഗത്തെക്കുറിച്ച് കൃഷി വകുപ്പ് കൃത്യമായി കർഷകരെ ബോധവത്കരിക്കാത്തതു മൂലം ഇവ വ്യാപകമായി ഉപയോഗിക്കുന്നുമില്ല. ബോട്ടിൽ രൂപത്തിൽ ലഭിക്കുന്ന നാനോ വളങ്ങൾ ഇലകളിലേക്ക് നേരിട്ട് തളിയ്ക്കുകയാണ്. ബോട്ടിലിന് 240 രൂപയാണ് വില.
നാടൻ വളത്തിനും വിലയേറി.
പച്ചക്കറി, വാഴ, കപ്പ കൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വരെ വില വർദ്ധിച്ചു. കൂട്ടുവളങ്ങൾക്കും ജൈവവളങ്ങൾക്കും വില കൂടുകയാണ്. വള പ്രയോഗത്തെ ആശ്രയിച്ചാണ് വാഴ, കപ്പ, നെല്ല്, പച്ചക്കറി എന്നിവയുടെ ഉത്പാദനം. അതിനാൽ, ഉയർന്ന വിലയിലും നഷ്ടം സഹിച്ച് കർഷകർ വളപ്രയോഗം നടത്തേണ്ട സ്ഥിതിയാണെന്ന് കർഷകനായ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇവയ്ക്കനുസരിച്ച് ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്തതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും കർഷകരെ കടക്കെണിയിലാക്കുന്നു.
വിലക്കയറ്റം ഇങ്ങിനെ.
ഫാക്ടംഫോസ് (50 കിലോ) 1600.
പൊട്ടാഷ് 1700 രൂപ.
മിക്‌സഡ് വളം 1260 രൂപ.
അഗ്രോമീൽ 1800 രൂപ.
യൂറിയ (45 കിലോ) 265 രൂപ.
കോട്ടയം ചന്തയിലെ വ്യാപാരിയായ അജയ് പറയുന്നു
ഫാക്ടംഫോസ് സഹകരണ സംഘങ്ങൾ മുഖേന നൽകുന്നതിനാൽ വിപണിയിൽ ക്ഷാമം നേരിടുന്നു. നെൽകൃഷി അടക്കം ആരംഭിച്ച സാഹചര്യത്തിൽ വളങ്ങളുടെ വില വർദ്ധന ബുദ്ധിമുട്ടുണ്ടാക്കും.