sad

കോട്ടയം. മദ്യവ്യവസായികളുടെ സമ്മർദ്ദത്തിന് വഴങ്ങി വിദേശ മദ്യത്തിന്റെ വിറ്റുവരവ് നികുതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത് കുടിയന്മാർക്ക് പാരയാകും. വിറ്റുവരവ് നികുതി വഴി പ്രതീക്ഷിച്ച കോടികളുടെ വരുമാനം നിലനിറുത്താൻ മദ്യത്തിന്റെ വില കൂട്ടാനാണ് നീക്കം.

മദ്യവില കൂട്ടാതെ, വിറ്റുവരവ് നികുതി ഒഴിവാക്കണമെന്നതായിരുന്നു വ്യവസായികളുടെ നിലപാട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ മദ്യവിലകൂട്ടി വ്യവസായികളെ സുഖിപ്പിച്ച് കുടിയന്മാരുടെ പോക്കറ്റടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്.

വിറ്രുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതോടെ വ്യവസായികൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് നിറുത്തിവെച്ച മദ്യസപ്ളൈ പുനരാരംഭിക്കും. ഇതോടെ മദ്യക്ഷാമത്തിന് പരിഹാരമാവും. സ്പിരിറ്റിന് വില വർദ്ധിച്ചതിന് പിന്നാലെ മദ്യക്കമ്പനികൾ ഉത്പാദനത്തിൽ കുറവ് വരുത്തിയിരുന്നു .വില കുറഞ്ഞ പ്രീമിയം ബ്രാൻഡുകളും തൊഴിലാളികൾ കൂടുതൽ ഉപയോഗിക്കുന്ന 180-230 രൂപ നിരക്കിൽ വരുന്ന ക്വാർട്ടർ മദ്യവും ഔട്ടലെറ്റുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. വില കൂടിയ പ്രീമിയം ബ്രാൻഡുകളുടെ വിൽപ്പനയിൽ വർദ്ധനവുണ്ടായത് വഴി നികുതിയിനത്തിൽ വർദ്ധനവുണ്ടായെന്നാണ് അധികൃതരുടെ വിശീകരണം

ഔട്ട്ലെറ്റുകളിലെ ക്ഷാമം മുതലെടുത്ത് ബാറുകൾ ഇക്കാലയളവിൽ കൊള്ള ലാഭം നേടി. അന്യസംസ്ഥാനത്തുള്ള ഡിസ്റ്റിലറികൾ ബാറുകൾക്ക് യഥേഷ്ടം മദ്യവിതരണം നടത്തി. ബാറുകളിൽ പാഴ്‌സലിന് വിലക്കുണ്ടെങ്കിലും പലയിടത്തും അത് പാലിക്കപ്പെട്ടില്ല. സർക്കാർ ഔട്ട്ലെറ്റുകളിലെ മദ്യക്ഷാമം ബാറുകളുടെ വിറ്റുവരിൽ 50 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കിയെന്നാണ് ഒരു ബാറുടമ പറഞ്ഞത് .

വെയർഹൗസുകളിൽ നിന്നാണ് മദ്യവിതരണം നടത്തുന്നത് . ഓരോ ബ്രാൻഡുകളുടെയും മൂന്നുമാസത്തെ ശരാശരി കണക്കാക്കി ഓരോ ഔട്ട്ലെറ്റിലേക്കുമുള്ള വിഹിതം നിശ്ചയിക്കും. ബാറുകൾക്ക് ഇത്തരം മാനദണ്ഡങ്ങളില്ല. കുറഞ്ഞ പുതിയ ബ്രാൻഡുകൾ കൂടുതലായി സാധാരണക്കാർക്കായി വാങ്ങി ബാറുകൾ ഔട്ട് ലെറ്റുകളിലെ മദ്യ ക്ഷാമത്തിന്റെ മറവിൽ കച്ചവടം കൊഴുപ്പിച്ചു.

ഏ​റ്റവും ഉയർന്ന വില കേരളത്തിൽ.

നികുതി 240 ശതമാനമായതിനാൽ ഇന്ത്യയിൽ വിദേശ മദ്യത്തിന് ഏ​റ്റവും ഉയർന്ന വില കേരളത്തിലാണ്. ഇനിയും നികുതി കൂട്ടിയാൽ വീണ്ടും വില കൂടും. ഇത് വില്പന കുറയ്ക്കുമെന്ന ആശങ്ക നിർമ്മാതാക്കൾക്കുള്ളതിനാൽ വില കൂട്ടാതെ, വി​റ്റുവരവ് നികുതി ഒഴിവാക്കി തങ്ങളുടെ നഷ്ടം ഇല്ലാതാക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. സർക്കാരാകട്ടെ വ്യവസായികളുടെ ആവശ്യം അംഗീകരിച്ചു വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചത് സ്പിരിറ്റ് വില വർദ്ധനവിന്റെയും മദ്യ ക്ഷാമത്തിന്റെ പേരു പറഞ്ഞ് വില കൂട്ടി കുടിയന്മാരെ പിഴിയാനുള്ള അവസരവുമാക്കി.