
കോട്ടയം. ലോകം ഇന്ന് മുതൽ ഖത്തറിലേക്ക് ചുരുങ്ങുകയാണ്. 32 ടീമും കിരീടത്തിനായി കച്ചകെട്ടിയിറങ്ങുമ്പോൾ കേരളവും ആ പോരാട്ടവീര്യത്തിന് സാക്ഷിയാവാൻ ഒരുങ്ങി കഴിഞ്ഞു. ഇഷ്ട ടീമിനെ പറ്റിയും ഇഷ്ട കളിക്കാരെ പറ്റിയും കോട്ടയത്തെ പ്രമുഖർ മനസ് തുറക്കുന്നു.
പെലെയുടെ കളിമികവ് കണ്ടാണ് ബ്രസീൽ എന്ന ടീം മനസിൽ കയറിക്കൂടുന്നത്. ആ ആരാധന ഇപ്പോഴും അതുപോലുണ്ട്. ബ്രസീലിന്റെ എല്ലാ കളിയും കാണും. കപ്പടിക്കുമെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. മികച്ച യുവനിരയാണ് കരുത്ത്. ഇഷ്ടതാരം നെയ്മറാണ്. ആ ചടുലനീക്കങ്ങൾ കാണാൻ കാത്തിരിക്കുന്നു
- മാണി സി കാപ്പൻ എം.എൽ.എ.
പത്താം ക്ലാസ് പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ച് അർജന്റീനയുടെ കളി കണ്ട ആളാണ് ഞാൻ. മറഡോണയുടെ മാന്ത്രികതയാണ് മനസ് മുഴുവൻ. മെസിയുടെ അവസാന ലോകകപ്പ് ആയതിനാൽ അദ്ദേഹം കപ്പുയർത്തുന്നത് കാണാനാണ് ആഗ്രഹം. കളികളെല്ലാം ഖത്തറിലായതിനാൽ മലയാളികളുടെ ശബ്ദം കൂടുതൽ ഉയർന്നുകേൾക്കും.
- ഗിന്നസ് പക്രു (നടൻ).
പെലെയുടെ കളി കണ്ടാണ് ബ്രസീൽ ആരാധകനാകുന്നത്. എന്നാൽ മെസിയും റൊണാൾഡോയും മുഹമ്മദ് സലായും ആണ് ഇഷ്ടകളിക്കാർ. ഈജിപ്ത് യോഗ്യത നേടാത്തതിനാൽ സലായുടെ കളികാണാൻ കഴിയില്ലെന്നത് നിരാശയാണ്. ഫുട്ബാളായതിനാൽ എന്ത് അട്ടിമറിയും സംഭവിക്കാം.
- വിജയരാഘവൻ (നടൻ).
കഴിഞ്ഞ ലോകകപ്പിനെക്കാൾ കരുത്തുറ്റ ടീമാണ് അർജന്റീന. 36 മത്സരങ്ങൾ വിജയിച്ചാണ് അവർ പോരിനിറങ്ങുന്നത്. ബ്രസീലിനേക്കാൾ ചെറിയ രാജ്യമാണ് അർജന്റീന. എപ്പോഴും ചെറിയവയോടൊപ്പം നിൽക്കാനാണ് താത്പര്യം. ഫുട്ബാളും രാഷ്ട്രീയവും ഒരുപോലെയാണ്. രണ്ടും പ്രവചനാതീതം
- ഡോ. എൻ ജയരാജ് ഗവ. ചീഫ് വിപ്പ്.
അർജന്റീനയാണ് ഇഷ്ട ടീം. എന്നാൽ ഇത്തവണ ഓറഞ്ചുപട കപ്പുയർത്തണമെന്നാണ് ആഗ്രഹം. വാൻഡീക്ക്, ഡിലിറ്റ്, ഡിപ്പേ പോലുള്ള മികച്ച താരങ്ങൾ നെതർലൻഡ്സ് ടീമിലുണ്ട്. മൂന്നുതവണ ഫൈനലിലെത്തി പരാജയപ്പെട്ട ടീമാണ് അവർ. അവർ സ്വർണ കപ്പ് അർഹിക്കുന്നുണ്ട്
- സന്തോഷ് കുമാർ (മുൻ ഫിഫ റഫറി).