ഏറ്റുമാനൂർ : ഏറ്റുമാനൂർ പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനിക്കടവ് പാലം പുതുക്കി നിർമ്മിക്കുന്ന ജോലികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4 ന് കമ്പനിക്കടവ് ജംഗ്ഷനിൽ മന്ത്രി വി എൻ വാസവൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ഉമ്മൻ ചാണ്ടി എം.എൽ.എ അദ്ധ്യക്ഷനാകും. പാലം പുനർനിർമ്മിക്കുന്നതിനും സമീപ പാതയ്ക്കുമായി 10.90 കോടി രൂപയാണ് അനുവദിച്ചത്. മന്ത്രി വി.എൻ വാസവന്റെ ഇടപെടലിനെ തുടർന്നാണ് അപകടാവസ്ഥയിലായ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പാലം പുനർനിർമ്മിക്കുന്നത്.

കാലപ്പഴക്കത്താൽ പാലത്തിന്റെ കൈവരികൾ ദ്രവിച്ച നിലയിലാണ്. നിലവിൽ വലിയ വാഹനങ്ങൾക്ക് കടന്നപോകാൻ കഴിയില്ല . 2018 ലെ പ്രളയത്തിനു ശേഷമാണ് പാലം തീർത്തും അപകടാവസ്ഥയിലായത് . തൂണുകളും തകർന്ന അവസ്ഥയിലാണ് . ഇടുങ്ങിയ പാലത്തിലൂടെ ഭാരവണ്ടികൾ പോകുന്നതു വിലക്കിയെങ്കിലും സമയവും ദൂരവും ലാഭിക്കാൻ ഡ്രൈവർമാർ ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്.