പാലാ: നിരവധി പേരുടെ സമഗ്രമായ ഇടപെടലുകളാണ് വികസിത പട്ടണമായി പാലായെ മാറ്റിയതെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കെ.എം മാണിയുടെ കൈയൊപ്പുകളാണ് ആധുനിക പാലായെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നഗരസഭാ ഹാളിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർമാരായ ഷാജു തുരുത്തൽ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, നീന ചെറുവള്ളി, ബിന്ദു മനു, സാവിയോ കാവുകാട്ട്, അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രൊഫ. സതീശ് ചൊള്ളാനി, പ്രോഗ്രാം കോർഡിനേറ്റർ ബിജു പാലൂപടവൻ, സെക്രട്ടറി ജൂഹി മരിയ ടോം എന്നിവർ പ്രസംഗിച്ചു.

മുൻ നഗരസഭാ ചെയർമാൻമാൻമാർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. പ്ലാറ്റിനം ജൂബിലി സെമിനാറും നടത്തി.

ഇന്ന് 10.30ന് കുടുബശ്രീയുടെ 25ാമത് വാർഷികവും 2ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ളാലം പാലം ചുറ്റി റിവർവ്യൂറോഡ് വഴി ടൗൺ ഹാളിലേക്കാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. റാലി ജോസ് കെ മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് 3.30ന് ടൗൺ ഹാളിൽ സാംസ്‌കാരിക സമ്മേളനം നടത്തും. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. സഹകരണ സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാടിക്കാടൻ എം.പി. ജൂബിലി സന്ദേശം നൽകും. മാണി സി. കാപ്പൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. വൈകുന്നേരം 6ന് മുനിസിപ്പൽ ആർ.വി. പാർക്കിൽ ഡി.ജെ. നൈറ്റ് നടക്കും.