
കോട്ടയം . സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റവും, അസംസ്‌കൃത വസ്തുവായ കറുത്തകക്കയുടെ ക്ഷാമവും കാരണം ജില്ലയിലെ ഏക കുമ്മായ വ്യവസായ സഹകരണ സംഘമായ കുമരകം സംഘം പ്രതിസന്ധിയിൽ. 1945ൽ ആരംഭിച്ച സംഘത്തിൽ ഇപ്പോൾ 19 ടൺ കുമ്മായമാണ് കെട്ടിക്കിടക്കുന്നത്. ഏലം കൃഷിക്കും പാടശേഖരങ്ങളിലേക്കുമാണ് കുമ്മായം ആവശ്യമായിരുന്നത്. നെൽ കൃഷിക്ക് കുമ്മായം ആവശ്യമാണെങ്കിലും കുറഞ്ഞതോതിലുള്ള ഉപയോഗമായതിനാൽ വലിയ ലാഭം ലഭിച്ചിരുന്നില്ല, കൊവിഡിനുശേഷം ഏലത്തിന്റെ വിലയിടിവ് മൂലം കുമ്മായം എടുക്കാൻ ആളില്ലാതായി. പാടശേഖരങ്ങളിൽ നീറ്റുകക്ക വിതരണം ചെയ്യുന്നത് സ്വകാര്യ ഏജൻസികൾ വഴിയാണ്.
കറുത്തകക്കാ എവിടെ കിട്ടും.
നീറ്റുകക്ക നിർമ്മിക്കുന്നതിന് ആവശ്യമായ കറുത്ത കക്കാ കിട്ടാനില്ല. വെള്ളകക്ക ഉപയോഗിക്കുമെങ്കിലും വിലകൂടുതലായതിനാൽ, നീറ്റുകക്കാ ആക്കിയാലും ലാഭകരമല്ല. കുമ്മായ വ്യവസായ സഹകരണ സംഘത്തിന് തൊഴിലാളികളെ ഉപയോഗിച്ച് കക്കാ വാരണമെങ്കിൽ ഫിഷറീസിൽ നിന്ന് അനുമതി ലഭിക്കണം. സൊസൈറ്റികളിൽനിന്ന് ലഭിക്കുന്ന കക്കാ മാത്രം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. വെച്ചൂർ, ടി വി പുരം, വൈക്കം മേഖലയിൽ നിന്നും, കുമരകം എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളിൽനിന്നുമാണ് മുൻപ് കറുത്ത കക്കാ എടുത്തിരുന്നത്.
തൊഴിലാളികൾ ദുരിതത്തിൽ.
സ്ഥിരമായി 35 തൊഴിലാളികളും പരോക്ഷമായി 1000ത്തോളം പേരും കുമ്മായ സഹകരണ സംഘത്തെ ആശ്രയിക്കുന്നവരാണ്. കുമരകം, അയ്മനം പാടശേഖരങ്ങളിലെ കക്കായുടെ സബ്‌സിഡി മാത്രമാണ് നിലവിൽ ലഭിക്കുന്നുള്ളൂ. സ്വകാര്യ വ്യക്തികൾ നൽകുന്ന കുമ്മായം സഹകരണ സംഘങ്ങളിൽ നിർമ്മിക്കുന്നതിനെക്കാൾ മോശം നീറ്റുകക്കായാണെന്ന ആക്ഷേപവുമുണ്ട്. ഡേളോമൈറ്റും ചെറിയ കക്കായും കലർത്തിയാണ് സ്വകാര്യ വ്യക്തികൾ വിൽക്കുന്നത്.
കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം സെക്രട്ടറി സുധീർ പറയുന്നു.
സുലഭമായി കക്കാ ലഭിക്കാത്തതുമൂലം നീറ്റുകക്കാ നിർമ്മിക്കാനും കഴിയുന്നില്ല. സർക്കാരിൽ നിന്ന് ഫണ്ടുകിട്ടിയെങ്കിൽ മാത്രമേ ഞങ്ങളെപ്പോലെയുള്ള സഹകരണ സംഘങ്ങൾക്ക് പിടിച്ചുനിൽക്കാനാകൂ.