ഉദ്യോഗസ്ഥരുടെ പിഴവ് വിനയായെന്ന് ഹോട്ടലുടമ

പാലാ: റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പാലായിൽ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന എട്ടംഗ കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. പാലാ ആർ.വി പാർക്കിന് സമീപം റിവർവ്യൂ റോഡരികിൽ പ്രവർത്തിക്കുന്ന കോമളം ഹോട്ടലാണ് ഭീഷണി നേരിടുന്നത്. 50 വർഷമായി പാലായിൽ ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ആർ.വി പാർക്ക് ഭാഗത്ത് നിന്ന് കൊട്ടാരമറ്റത്ത് വൈക്കം റോഡിലേയ്ക്ക് റിവർവ്യൂ റോഡ് നീട്ടുന്ന ജോലികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലാ എഞ്ചിനീയറിംഗ് ഓഫീസിൽ നിന്ന് ഒരു കത്ത് ലഭിക്കുന്നതെന്ന് കടയുടമ എസ്.പ്രകാശ് പറയുന്നു. ഹോട്ടലിന്റെ പിൻഭാഗം പൊളിച്ചുനീക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നഷ്ടപരിഹാരത്തെക്കുറിച്ച് കത്തിൽ ഒന്നും പറയുന്നുമില്ല. ഹോട്ടൽ പൊളിച്ച ശേഷം നഷ്ടപരിഹാരം നൽകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനോട് യോജിക്കാൻ കഴിയില്ലെന്ന് പ്രകാശ് വ്യക്തമാക്കി.

ഒരു കി.മീറ്ററോളം ദൂരം മീനച്ചിലാറിന്റെ തീരത്ത് കൂടി കോൺക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകൾക്ക് പ്രതിഫലം നൽകി നിർമ്മാണം തുടങ്ങി അഞ്ച് വർഷമായി. ഇതുവരെ തന്റെ സ്ഥലം ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രകാശ് പറഞ്ഞു.

റോഡിന്റെ അലൈൻമെന്റിൽ തന്റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉൾപ്പെട്ടിരുന്നില്ല. വശങ്ങളിലുള്ള സ്ഥലങ്ങൾ നിശ്ചയിച്ച പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്ത ശേഷമാണ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണത്തിൽ വന്ന പിഴവ് മൂലമാണ് ഇപ്പോൾ തന്റെ സ്ഥലം ഏറ്റെടുക്കാൻ നോട്ടീസുമായി ഉദ്യോഗസ്ഥർ രംഗത്തുവന്നതെന്നാണ് ഉടമയുടെ ആക്ഷേപം.

ഹോട്ടൽ രണ്ടര സെന്റിൽ

രണ്ടര സെന്റ് ഭൂമിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഇത് തന്റെ പേരിലുള്ളതും കരമടയ്ക്കുന്നതുമാണെന്ന് പ്രകാശ് പറയുന്നു. ഇതിൽ ഒന്നര സെന്റിൽ കൂടുതൽ നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ഹോട്ടൽ പൂട്ടുന്ന അവസ്ഥയിലെത്തും. ഇതുസംബന്ധിച്ച് സ്ഥലം എം.എൽ.എ മാണി സി.കാപ്പൻ, മുഖ്യമന്ത്രി, റവന്യു പൊതുമരാമത്ത് മന്ത്രിമാർ, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് പ്രകാശ്, കുടുംബാംഗങ്ങളായ പി.എസ്. രാജു, ഗോപി അമ്പാട്ടുവയലിൽ, ഗീത സുഭാഷ് എന്നിവർ പറഞ്ഞു.