മുണ്ടക്കയം: പെരുവന്താനം സെന്‍റ് ആന്‍റണിസ് കോളേജിന്റെ നേതൃത്വത്തിൽ ലഹരി ആപത്താണ് നാടിനും വീടിനും എന്ന സന്ദേശവുമായി 25ന് ഉച്ചകഴിഞ്ഞ് 2ന് ഇടുക്കി ജില്ലയിലെ 34ാം മൈൽ മുതൽ കോട്ടയം ജില്ലയിലെ പൈങ്ങണ വരെ യുവജന ലോങ്ങ് മതിൽ തീർക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ലാലിച്ചൻ കല്ലമ്പള്ളി, സെക്രട്ടറി ടി.ജോമോൻ ജേക്കബ് എന്നിവർ അറിയിച്ചു. കോളേജിലെ 1300 വിദ്യാർത്ഥികളെ കൂടാതെ സെന്‍റ് ജോസഫ് സെൻട്രൽ സ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളും, യുവജന മതിലിൽ അണിചേരും.
മലനാട് മിൽക്കിന്‍റെയും, സംസ്ഥാന പൊലീസ്, എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും,മുണ്ടക്കയം പ്രസ് ക്ലബ്, വ്യാപാരികൾ ,വിവിധ ഡ്രൈവേഴ്സ് യൂണിയനുകളുടെയും, മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെയും സഹകരണത്തോടെയാണ് ‘യുവജന ലോങ്ങ്‌ മതിൽ’ സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 2ന് ഇടുക്കി എസ്.പി വി.യു കുര്യാക്കോസ് ലഹരിവിരുദ്ധ വാഹന പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും തെരുവു നാടകവും അരങ്ങേറും.