കോട്ടയം: ക്രിസ്തുമസ് ലക്ഷ്യമിട്ട് തയാറാക്കിയ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കാഞ്ഞിരപ്പള്ളി കോരുത്തോട് കൊമ്പ് കുത്തി വനത്തിലെ ഒഴപ്പ് തോടിന്റെ കരയിൽ നിന്നും കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ബൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കോട കണ്ടെടുത്തത്. കോട തയാറാക്കിക്കൊണ്ടിരുന്ന പെരുവന്താനം മതമ്പ എസ്റ്റേറ്റ് കരയിൽ സനൽ എന്നയാൾ എക്‌സൈസിനെ കണ്ട് വനത്തിലൂടെ ഓടി രക്ഷപ്പെട്ടു. വലിയ ഇരുമ്പ് വീപ്പയിൽ ദ്വാരങ്ങളുണ്ടാക്കി ആധുനിക രീതിയിലാണ് മാസങ്ങളായി പ്രതി ചാരായം നിർമ്മിച്ചുകൊണ്ടിരുന്നത്. ഇരുമ്പ് വീപ്പകളിലും, വനത്തിൽ വലിയ കുഴികുഴിച്ച് പടുതാ കുഴിയിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 1500 രൂപ നിരക്കിലായിരുന്നു മാസങ്ങളായി ചാരായം വിറ്റിരുന്നത്. പാമ്പുകളും അട്ടകളുമുള്ള പ്രദേശത്തായിരുന്നു വാറ്റുകേന്ദ്രം.

റെയ്ഡിൽ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ അരുൺ സി.ദാസ്, മേഘനാഥൻ, രഞ്ജിത് നന്ത്യാട്ട്, സ്ക്വാഡ് അംഗങ്ങളായ എം.നൗഷാദ്, ദീപു ബാലകൃഷ്ണൻ, വിശാഖ്, കെ.കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.