പാലാ: നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി പാലായുടെ പ്രൗഢി വിളിച്ചോതി നടത്തിയ സാംസ്‌കാരിക റാലി വർണാഭമായി. വർണ്ണപ്പൂക്കൾ ചൂടിയ പാലാ നഗരവീഥിക്ക് പുളകമായി നീങ്ങിയ റാലി കാണാൻ റോഡിനിരുവശവും ആയിരങ്ങൾ കാത്തുനിന്നു. പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ അങ്കണത്തിൽ നിന്ന് ജോസ് കെ. മാണി എം.പി ഫ്‌ളാഗ് ഓഫ് ചെയ്ത സാംസ്‌കാരിക ഘോഷയാത്രയിൽ വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഫ്‌ളാഷ് മോബുകളും കൊഴുപ്പേകി. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പ്രധാന ബാനറിന് പിന്നിൽ നിന്ന് ഘോഷയാത്ര നയിച്ചു. റിവർവ്യൂ റോഡിൽ നിന്ന് മാണി സി. കാപ്പൻ എം.എൽ.എയും റാലിയിൽ അണിചേർന്നു.
ലഹരിക്കെതിരെയുള്ള സന്ദേശവുമായി ജനമൈത്രി പൊലീസിന്റെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പാലാ മരിയസദന്റെയും നിശ്ചലദൃശ്യങ്ങൾ ശ്രദ്ധേയമായി. കെ.എം. മാണി സ്മാരക ജനറൽ ആശുപത്രി ജീവനക്കാരും കൃഷിവകുപ്പ് ജീവനക്കാരുമൊക്കെ നിശ്ചലദൃശ്യങ്ങൾ ഒരുക്കിയിരുന്നു.