വൈക്കം : അന്ധകാരത്തോടിന്റെ ശുചീകരണ ജോലികൾ തുടങ്ങി.മാലിന്യം നീക്കി തെളിനീരൊഴുക്കാൻ നഗരസഭ പ്ലാൻ ഫണ്ടിൽപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. നഗരസഭയുടെ 2 ,15 ,16 ,17 , 20 ,22 എന്നീ വാർഡുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് അന്ധകാരത്തോട്. അന്ധകാരത്തോട് ശുചീകരിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം മുൻകൈയെടുത്തതോടെയാണ് ശുചീകരണ പ്രവർത്തനത്തിന് നടപടിയായത്. മാലിന്യം അടിഞ്ഞു കൂടിയതാണ് നീരൊഴുക്ക് നിലയ്ക്കാൻ കാരണം .
തോടിന്റെ നവീകരണത്തിന് പല പദ്ധതികളും ആവിക്ഷ്‌കരിച്ചെങ്കിലും പരാജയമായിരുന്നു. ഇതിന്റെ ദുരിതം നൂറുക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുകയാണ്.അന്ധകാരത്തോട്ടിൽ വലിയതോതിൽ അടിഞ്ഞുകിടക്കുന്ന മാലിന്യം പൂർണമായും നീക്കിയാൽ മാത്രമേ ആ ദുരിതമൊഴിയൂ. കായലിൽ നിന്നും വെള്ളം കയറിയിറങ്ങാനുള്ള സൗകര്യം സാധ്യമാക്കിയാൽ മാത്രമേ ലക്ഷ്യം കൈവരിക്കാനാകൂ. അന്ധകാരത്തോടിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയതും വെല്ലുവിളിയാണ്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ് . 1500 മീറ്റർ ഭാഗമാണ് ഇപ്പോൾ ശുചീകരിക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ബി.രാജശേഖരൻ ,ആർ .സന്തോഷ് ,ബിന്ദു ഷാജി ,കോൺഗ്രസ്സ് നേതാവ് ഷാജി വല്ലൂത്തറ ,കോൺട്രാക്ടർ അജീമാധവൻ എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം
നഗരസഭ പ്ലാൻ ഫണ്ടിൽപ്പെടുത്തി നടപ്പാക്കുന്ന അന്ധകാരത്തോടിന്റെ ശുചീകരണ പ്രവർത്തനം നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.