കോട്ടയം: ഇല്ലിക്കൽ പതിനഞ്ചിൽകടവ് റോഡിലെ ടാറിംഗ് വൈകുന്നതിനെതിരെ യാത്രക്കാരും പ്രദേശവാസികളും രംഗത്ത്. നഗരസഭയുടെ 45ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡാണിത്. രണ്ട് മാസം മുമ്പാണ് റോഡ് ടാറിംഗിനായി ഒരുക്കിയത്. എന്നാൽ ടാറിംഗ് നടന്നില്ല. റോഡ് മണ്ണിട്ട് ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ മണ്ണ് ഒലിച്ചുപോകുന്ന സാഹചര്യവുമുണ്ടായി. മഴ മാറി വെയിലെത്തിയതോടെ, റോഡിൽ പൊടിയും മെറ്റലും നിരന്നു. മെറ്റൽ നിരന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവാണ്. പൊടിശല്യമാണ് മറ്റൊരു ദുരിതം. വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുമ്പോൾ റോഡിൽ പൊടിശല്യം രൂക്ഷമാണ്. കാൽനടയാത്രയും അസാദ്ധ്യമാണ്. റീ ബിൽഡ് കേരളയുടെ ഫണ്ടിൽ നിന്നും നാല് കോടി രൂപ ചെലവഴിച്ചാണ് റോഡ് ടാറിംഗ് നടത്തുന്നത്. പാലാ സ്വദേശിയാണ് കരാർ ഏറ്റെടുത്തിരുന്നു. ടാറിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് വാർഡ് കൗൺസിലർ ഷീല സതീഷ് പറഞ്ഞു.