
കോട്ടയം . കാലിത്തീറ്റയ്ക്കും, മരുന്നുകൾക്കുമുള്ള വില വർദ്ധിക്കുമ്പോൾ പാൽവില കൂട്ടിയാലും പ്രയോജനമാകില്ലെന്ന് ക്ഷീരകർഷകർ. കാലിത്തീറ്റ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്ക് ഉണ്ടായ വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മിൽമയും കേരള ഫീഡും വില കുത്തനെ ഉയർത്തിയത്. 2019 ൽ 800 രൂപയുണ്ടായിരുന്ന കേരള ഫീഡിന് ഇപ്പോൾ ആയിരം രൂപയ്ക്ക് മുകളിലാണ് വില. മിൽമ റിച്ച് കാലിത്തീറ്റയ്ക്ക് 50 കിലോയുടെ ഒരു ചാക്കിന് 1240 രൂപയായിരുന്നത് 1400 രൂപയായി. മിൽമ ഗോൾഡ് കാലിത്തീറ്റ 1370 ൽ നിന്ന് 1550 രൂപയായി. കേരള ഫീഡ്‌സിന്റെ മിടുക്കി കാലിത്തീറ്റയ്ക്ക് 1245 ൽ നിന്ന് 1395 രൂപയായി. കേരള ഫീഡ്‌സിന്റെ എലൈറ്റ് കാലിത്തീറ്റയ്ക്ക് 1495 രൂപയും, ഡെയറി റിച്ച് കാലിത്തീറ്റയ്ക്ക് 1435 രൂപയും, നിറവ് കാലിത്തീറ്റയ്ക്ക് 1640 രൂപയും വർദ്ധനവുണ്ടായി. കാഫ് സ്റ്റാർട്ടർ കാലിത്തീറ്റ 1850 രൂപയായും ഉയർത്തി.
വില ഉയർത്താൻ സ്വകാര്യകമ്പനികളും.
മിൽമയും, കേരള ഫീഡും വില വർദ്ധിപ്പിച്ചതോടെ സ്വകാര്യ കമ്പനികളും വില ഉയർത്തുന്ന സ്ഥിതിയാണ്. കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട നിരവധി പേർ ഈ മേഖലയിലേക്ക് എത്തിയിരുന്നു. പരിപാലന ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാതെ ആയതോടെ പലരും പശുവളർത്തൽ ഉപേക്ഷിച്ചു.
ജൂബിൻ ചാമംപതാൽ, ചാമംപതാൽ പറയുന്നു.
കെ എസ് ആർ ടി സി എം പാനൽ ഡ്രൈവറായിരുന്നു. കൊവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോഴാണ് ക്ഷിരമേഖലയിലേക്ക് തിരിഞ്ഞത്. ആറ് വർഷമായി രംഗത്തുണ്ട്. പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന ജോലികൾ രാത്രി 9 ഓടെയാണ് അവസാനിക്കുന്നത്. നഷ്ടം മാത്രമാണ് മിച്ചം.