പാലാ: നഗരസഭാ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി ഇന്നും നാളെയും പാലാ മുനിസിപ്പൽ ടൗൺഹാളിൽ മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ പകർത്തിയ ഫോട്ടോകളുടെ പ്രദർശനം നടത്തും. ആറ് പതിറ്റാണ്ട് മുമ്പുള്ള പാലായുടെ ചരിത്രം ഈ ചിത്രങ്ങളിൽ തെളിയും.

പാലാ ളാലം പാലം മുതൽ വലിയപാലം വരെയുള്ള ഫോട്ടോകൾ ചേർത്തുകൊണ്ടാണ് പാലാ നഗരചരിത്രം രവി പാലാ വിശദീകരിക്കുന്നത്. 132 സ്റ്റാൻഡുകളിലായി 300ൽപരം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് രവി പാലാ പറഞ്ഞു.

ഇന്ന് 12 ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊളളാനി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.

ഇന്നും നാളെയുമായി ടൗൺഹാളിൽ നടക്കുന്ന ഫോട്ടോ പ്രദർശനം കാണാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. പ്രദർശനം തികച്ചും സൗജന്യമാണ്. ഇന്ന് 12.30 മുതൽ രാത്രി 7.30 വരെയും നാളെ രാവിലെ 10 മുതൽ രാത്രി 7.30 വരെയുമാണ് പ്രദർശനം.