
കറുകച്ചാൽ . പേര് തൈപ്രാൽ ജോയിയെന്നാണ്. പക്ഷെ കറുകച്ചാലുകാർ അറിയണമെങ്കിൽ കെ ആർ ഒ 33 ജോയിച്ചായൻ എന്ന് പറയേണ്ടിവരും. അത്രമേൽ സുപരിചിതമാണ് കറുത്ത മാർക്ക് ഫോർ അംബാസിഡറുമായി നാട് ചുറ്റുന്ന ജോയിയെ അവർക്ക്. 1984ൽ ജോയ് കൽക്കത്തയിൽ നിന്ന് റോഡ് മാർഗം എത്തിച്ചതാണ് ഈ പടക്കുതിരയെ. അന്ന് അംബാസിഡർ ബുക്ക് ചെയ്താൽ ലഭിക്കാൻ ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുക്കും. അതിനാൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ കമ്പനിയിൽ നേരിട്ട് പോയി കാർ വാങ്ങി. രണ്ടര ദിവസം കൊണ്ട് നാട്ടിലെത്തിച്ചു. 50 രൂപ മുടക്കി 33 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി. ജില്ലയിലെ ആദ്യത്തെ ഫ്ലോർ ഗിയർ കാറാണിതെന്ന് ജോയി പറയുന്നു.
ആദ്യകാല മോഡലായ ഒ എച്ച് വി അംബാസിഡർ 1962 ൽ തൈപ്രാൽ വീട്ടിലെത്തുമ്പോൾ ജോയിക്ക് പ്രായം 11. പിതാവ് കുട്ടപ്പനായിരുന്നു 12,500 രൂപയ്ക്ക് കാർ വാങ്ങിയത്. കറുകച്ചാലിലെ മൂന്നാമത്തെ കാറായിരുന്നു അത്. ആ സമയം തന്നെ ജോയി ഡ്രൈവിംഗ് പഠിച്ചു. അന്ന് മുതൽ വാഹനങ്ങളുടെ ലോകത്തായി ജീവിതം. ഇതുവരെ ആയിരത്തോളം കാറുകൾ ജോയി വാങ്ങി ആവശ്യക്കാർക്ക് വിറ്റിട്ടുണ്ട്. നിലവിൽ ജോയിയുടെ പക്കൽ അഞ്ച് അംബാസിഡറുകളുണ്ട്. വാഹനം ഓടിച്ചുനോക്കി ഇഷ്ടപ്പെട്ടാൽ മറ്റൊന്നും ചിന്തിക്കാതെ വാങ്ങും. കമ്പനി നിറുത്തിയെങ്കിലും അംബാസിഡറിന്റെ എല്ലാ സ്പെയർ പാർട്സും ജോയിയുടെ കൈയ്യിൽ ഭദ്രമായുണ്ട്. എവിടെ അംബാസിഡർ കണ്ടാലും ജോയി ഇറങ്ങിച്ചെന്നു ചോദിക്കും."ഇത് കൊടുക്കാൻ താല്പര്യമുണ്ടോ.."