പാലാ: കടനാട്, വല്യാത്ത് ഭാഗങ്ങളിൽ പേപ്പട്ടി വളർത്തുമൃഗങ്ങളെ ഉൾപ്പെടെ വ്യാപകമായി കടിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഇന്നലെ ചേർന്ന അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. പേപ്പട്ടിയുടെ കടിയേറ്റത് മുതൽ ഇന്നലെ വരെയുള്ള സംഭവങ്ങൾ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു വിശദീകരിച്ചു. ഇന്ന് മുതൽ കടനാട് പഞ്ചായത്തിലെ മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരെയുളള വാക്‌സിൻ നൽകിതുടങ്ങും. കടിയേറ്റ വിവിധ മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് കടനാട് മൃഗാശുപത്രി അധികാരികളെ അറിയിക്കാം. മൃഗാശുപത്രിയിൽ നിന്നും കടിയേറ്റ എല്ലാ മൃഗങ്ങൾക്കും പേവിഷത്തിനെതിരെയുള്ള വാക്‌സിൻ കൊടുക്കും. അഞ്ച് ദിവസത്തെ വാക്‌സിനാണ് കടിയേറ്റ നായ്ക്കൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും നൽകുന്നതെന്ന് കടനാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സുനിൽ വി.ബി. പറഞ്ഞു. ഇന്നലെ വരെ നാല് വളർത്തുമൃഗങ്ങൾക്ക് പേവാക്‌സിൻ കോഴ്‌സ് ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു. കടിയേറ്റ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തുചെന്ന് മൃഗഡോക്ടർ വാക്‌സിനെടുക്കും.

ചികിത്സാ സഹായം ലഭ്യമാക്കും

പേപ്പട്ടിയുടെ കടിയേറ്റവർക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിത്സാ സഹായം ലഭ്യമാക്കാനും പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനമായി. പ്രസിഡന്റ് ഉഷാരാജു, വൈസ് പ്രസിഡന്റ് സെൻ.സി. പുതുപ്പറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെയ്‌സി സണ്ണി, മെമ്പർ ജെയ്‌സൺ പുത്തൻകണ്ടം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.