കോട്ടയം: നഗരപരിധിയിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് മോഷ്ടാക്കൾ. തിരുനക്കര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30യ്ക്കും പുലർച്ചെ 5നും ഇടയിലാണ് തൃക്കോവിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടന്നത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കാണിക്കവഞ്ചികളുടെ താഴ് തകർന്ന നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ഒരുമാസം മുൻപും ആറ് മാസം മുൻപും സമാനരീതിയിൽ ക്ഷേത്രത്തിൽ മോഷണം നടന്നു. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.